കൗമാരക്കാര്‍ പങ്കാളികളായ കുറ്റകൃത്യങ്ങളുടെ ചൂടേറ്റ് വാടി നില്‍ക്കുകയാണ് ഈ കാലഘട്ടം. എന്താണ് ഈ തലമുറയ്ക്ക് സംഭവിച്ചതെന്ന് ആശങ്കപ്പെടുന്നവര്‍ക്ക് മുന്നില്‍ അവരെ തുറന്നകാട്ടുന്ന ഒരു സീരീസ്. ഇന്നത്തെ കൗമാരത്തിന്‍റെ അസ്വസ്തതകള്‍ അവരനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ അവരുടെ വികാരവിചാരങ്ങള്‍ എല്ലാറ്റിലേക്കും കടന്നുചെല്ലുന്ന ക്യാമറ. സൈബർ ലോകമാകെ ചർച്ചയായി മാറിയ ഈ സീരീസ് കണ്ടവർ കണ്ടവർ കാണാത്തവർക്കായി റെക്കമൻഡ് ചെയ്യുന്നു..പ്രായഭേദമന്യേ എല്ലാവരും കാണണമെന്ന് ഒരേ സ്വരത്തിൽ ആവർത്തിക്കുന്നു...പറഞ്ഞു വരുന്നത് നെറ്റ് ഫ്ളികിസിൽ സ്ട്രീമിങ് ചെയ്യുന്ന സ്റ്റീഫൻ ഗ്രഹാമും ജാക്ക് തോണും തിരക്കഥ രചിച്ച് ഫിലിപ് ബാരന്റീൻ സംവിധാനം ചെയ്ത സീരീസ് അഡോളസെൻസിനെകുറിച്ചാണ്.
സമപ്രായക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന സമ്മർദങ്ങൾ,സമൂഹ മാധ്യമങ്ങളുടെ മോശമായ സ്വാധീനം, പെൺകുട്ടികളോട് തോന്നുന്ന അമിതമായ താല്പര്യം, നൈരാശ്യം, അവഗണന, പക, സൈബർ ബുള്ളിയിങ്, ടോക്സിക് മസ്‌കുലിനിറ്റി, സ്ത്രീ വിരുദ്ധത, ലിംഗ വിവേചനം, നമുക്ക് അത്രതന്നെ പരിചിതമല്ലാത്ത ഇൻസൽ കമ്മ്യൂണിറ്റി, സൈബർ ലോകത്തെ ഓരോ ഇമോജികൾക്കും നൽകുന്ന വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ...എന്നിവയെല്ലാം പറയുന്നു നാലു എപ്പിസോഡുകളിലായി ഈ സീരീസ്.
തന്‍റെ സഹപാഠിയായ കെയ്റ്റ് എന്ന പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി എന്നാരോപിച്ച് 13 കാരനായ ജെയ്മി മില്ലറിനെ അവന്‍റെ ബെഡ്‌റൂമിൽ നിന്നും മാതാപിതാക്കളുടെ മുൻപിലൂടെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതോടെയാണ് സീരീസ് ആരംഭിക്കുന്നത്...താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ആവർത്തിച്ചു പറയുന്ന ജയ്മിയെ പിന്തുടർന്ന് അവന്‍റെ കുടുംബവും പോലീസ് സ്റ്റേഷനിൽ എത്തുന്നു.
പ്രായപൂർത്തിയാകാത്തതിനാൽ അച്ഛന്‍റെയും വക്കീലിന്‍റെയും സാനിധ്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ അവനെ ചോദ്യം ചെയ്യുന്നത്. തന്‍റെ മേൽ ആരോപിക്കപ്പെട്ട കുറ്റം ആവർത്തിച്ചു നിഷേധിച്ചുകൊണ്ടിരുന്ന ജെയ്മിയെ പോലീസ് ഉദ്യോഗസ്ഥർ ഒരു സി. സി. ടി വി ദൃശ്യം കാണിക്കുന്നു.. കെയ്റ്റിനെ ജെയ്മി കുത്തികൊലപെടുത്തുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു അത്.. അതുവരെ തന്‍റെ മകൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പിതാവ് എഡിഡി മില്ലർ ഈ കാഴ്ച കണ്ട് സ്തബ്ധനാകുന്നു..എന്നിട്ടും ജെയ്മി തന്‍റെ കുറ്റം ഏറ്റു പറയാൻ തയ്യാറാകുന്നില്ല..
ഒരു 13 കാരൻ എന്തിനീ ക്രൂരകൃത്യം ചെയ്തു എന്ന അന്വേഷണമാണ് പിന്നീടുള്ള എപ്പിസോഡുകളിൽ...ജെയ്മിയുടെ കൂട്ടുകാരെ ചോദ്യം ചെയ്യാനും തെളിവുകൾ കണ്ടെത്താനുമായി അന്വേഷണ ഇദ്യോഗസ്ഥരായ ലൂക് ബേസ് കോമ്പും മിഷ ഫ്രാങ്കും അവൻ പഠിച്ച സ്‌കൂളിലേക്ക് പോകുന്നു. എന്നാൽ അത്ര നല്ല അനുഭവമല്ല അവർക്ക് അവിടെ നിന്നും നേരിടേണ്ടി വരുന്നത്..കൗമാരത്തിന്‍റെ സങ്കീർണതകൾ ഈ എപ്പിസോഡിൽ സീരീസ് കൃത്യമായി വരച്ചിടുന്നു.
എന്നാൽ അന്വേഷണം വഴിമുട്ടി നിൽക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബേസ് കോമ്പിനെ സഹായിക്കുന്നത് അതേ സ്കൂളില്‍ തന്നെ പഠിക്കുന്ന അദ്ദേഹത്തിന്‍റെ മകന്‍ ആഡം ആണ്. ഡിജിറ്റല്‍ യുഗത്തില്‍ മുതിര്‍ന്നവര്‍ അത്രയൊന്നും പ്രതീക്ഷിക്കാത്ത കേസിലെ സാധ്യതകളിലേക്ക് അദ്ദേഹത്തെ നയിക്കുന്നത് മകനാണ് . കേസിൽ നിർണായമാകുന്ന പലകാര്യങ്ങളും ഒരു വിദ്യാർത്ഥിയുടെ ത്വരയോടെ അദ്ദേഹം മകനനിൽ നിന്നും ചോദിച്ചു മനസ്സിലാക്കുന്നു. അന്ത്യന്തം ആകാംഷ ജനിപ്പിക്കുന്നതാണ് ഈ രംഗങ്ങള്‍.
ജയ്മിയും ചൈൽഡ് സൈക്കോളജിസ്റ്റ് ബ്രായോണിയുമായുള്ള സംഭാഷണമാണ് മൂന്നാം എപ്പിസോഡ്.. ഈ സീരീസിന്‍റെ ഹൃദയം എന്ന് ഈ എപ്പിസോഡിനെ വിശേഷിപ്പിക്കാം. ജെയ്മി എന്ന 13 കാരൻ എന്താണെന്നും അവന്‍റെ ഉള്ളിലെ വൈകാരിക തലങ്ങൾ എങ്ങനെയാണെന്നും പ്രേക്ഷകർക്ക് വ്യക്തമാകുന്നത് ജയ്മിയുടെ ബ്രയോണിയുമായുള്ള സംഭാഷണങ്ങളിലൂടെയാണ്. ചിലപ്പോൾ ബ്രയോണിയുമായി മാനസികമായി വിധേയപ്പെടുന്ന ജെയ്മി മറ്റുചിലപ്പോൾ വികാര വിക്ഷോഭത്താൽ അക്രമാ സക്തനാകുന്നു.
തുടക്കത്തിൽ സൂചിപ്പിച്ച ഇൻസൽ ആണ് സീരീസ് കൈകാര്യം ചെയ്യുന്ന ഒരു പ്രധാന വിഷയം.. എന്താണ് ഇൻസൽ.. ഇൻവോളന്ററി സെലിബേറ്റ് എന്നതാണ് ഇൻസൽ എന്നതുകൊണ്ട് അർഥമാക്കുന്നത്...ഈ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ സ്വന്തം പ്രണയമോ രതിയോ വിജയിക്കാത്തതിന് കാരണം സമൂഹവും പ്രത്യേകിച്ച് സ്ത്രീകളും ആണെന്ന് കരുതുന്നു. പുരുഷന്മാരുടെ ബാഹ്യ സൗന്ദര്യം ആണ് സ്ത്രീകൾ ആകർഷിക്കപ്പെടാൻ കാരണമെന്നും തങ്ങൾ ഒട്ടും ആകർഷണീയരല്ലെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു.
ജെയ്മിയുടെ തടവറ ജീവിതത്തോടൊപ്പം സമൂഹത്തിൽ നിന്നും അവന്‍റെ കുടുംബം നേരിടുന്ന അവഗണനകളും അപമാനങ്ങളും സീരീസ് പ്രതിപാദിക്കുന്നുണ്ട് . മകന്‍റെ വളര്‍ച്ചയുടെ കാലയളവില്‍ ഒരിക്കല്‍ പോലും അവനെ സമ്മര്‍ദപ്പെടുത്തിയട്ടില്ലെങ്കിലും അവന്‍റെ രക്ഷിതാക്കളെന്ന നിലയില്‍ പൂര്‍ണപരാജയമായിരുന്നോ എന്ന് ആകുലപ്പെടുന്ന മാതാപിതാക്കളെ അവസാന എപ്പിസോഡില്‍ കാണാം . തുടക്കത്തിൽ ജെയ്മി അറസ്റ്റ് ചെയ്യപ്പെട്ട അതേ മുറിയിൽ തന്നെയാണ് സീരീസ് അവസാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മനുഷ്യ മനസിന്‍റെ സങ്കീർണതകൾ, വിഹ്വലതകൾ, ആധുനിക ലോകത്ത് ആരാലും വായിച്ചെടുക്കാനാവാതെ പോകുന്ന കൗമാര മനസ്, ഒറ്റപ്പെടൽ, തുടങ്ങിയവയെല്ലാം സീരീസ് പങ്കു വെക്കുന്നു...കണ്ടു തീരുമ്പോൾ കുറച്ച് കൂടി നന്നായി മക്കളെ വളർത്താമായിരുന്നു എന്നൊരു രക്ഷിതാവിന് തോന്നിയാൽ അത്ഭുതപ്പെടേണ്ടതില്ല..
ജെയ്മി മില്ലർ ആയി എത്തുന്ന ഒവാൻ കൂപ്പറിന്‍റെ പ്രകടനം അമ്പരപ്പിക്കുന്നതാണ്. ഒരു തുടക്കക്കാരന്‍റെ യാതൊരു പരിഭ്രമവുമില്ലാതെ ജെയ്മി എന്ന കഥാപാത്രമായി ഒവാൻ ജീവിക്കുകയായിരുന്നു എന്ന് പറയാം.. അതി വൈകാരികനിമിഷങ്ങള്‍ക്കൊടുവില്‍ വികാര വിക്ഷോഭങ്ങളാൽ പൊട്ടിത്തെറിക്കുന്ന കഥാപാത്രമായി ഒവാൻ കൂപ്പർ സീരീസിന്‍റെ പ്രയാണത്തില്‍ രൂപാന്തരപ്പെടുകതന്നെയായിരുന്നു.
ജെയ്മിയുടെ അച്ഛനായി എത്തിയ, സീരീസിന്‍റെ തിരക്കഥാകൃത്തുകൂടിയായ സ്റ്റീഫൻ ഗ്രഹാം ആണ് എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം..തന്‍റെ നിസ്സഹായതയും നിരാശയും ദേഷ്യവും എല്ലാം അത്രമേൽ സൂക്ഷമായി അദ്ദേഹത്തിന്‍റെ മുഖത്ത് മിന്നിമറയുന്നത് നമുക്ക് കാണാം..അന്വേഷണ ഉദ്യോഗസ്ഥന്‍ ബേസ് കോമ്പായി വേഷമിട്ട ആഷ്‌ലി വാൾട്ടേഴ്സും, സൈക്കോളജിസ്റ്റ് ഏറിൻ ഡോഹർട്ടിയും സ്വന്തം വേഷങ്ങൾ ഗംഭീരമാക്കി.
ഓരോ എപ്പിസോഡും സിംഗിൾ ഷോട്ടിലാണ് പൂർത്തീകരിച്ചിരിക്കുന്നത് എന്നത് ഈ സീരീസിന്‍റെ മറ്റൊരു പ്രത്യേകത. അതായത് ഒരു തവണ ക്യാമറ ഓണ്‍ ചെയ്കു കഴിഞ്ഞാല്‍ പിന്നീട് ആ എപ്പിസോഡ് പൂര്‍ത്തിയായിക്കഴിഞ്ഞേ കട്ട് ചെയ്യുകയുള്ളൂ. കഥാപത്രങ്ങളെ, അവരുടെ ചലനങ്ങളെ, ആംഗ്യങ്ങളെ, ഭാവങ്ങളെയെല്ലാം പ്രേക്ഷകനുമായി ബന്ധിപ്പിക്കാൻ ഈ സിംഗിൾ ഷോട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ജെയ്മിയും ബ്രയോണിയുമായുള്ള കൗൺസിലിങ് എപ്പിസോഡിലും ഈ സിംഗിൾ ഷോട്ട് കഥയുടെ ഒഴുക്കിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. DJI Ronin 4D cameraയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്‍റെ അസാധാരണമായ ഫ്ലെക്സിബിലിറ്റി സീരീസിലെ മൂവിംങ് ഷോട്ടുകള്‍ക്ക് സഹായകമായെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കഥാപാത്രങ്ങളെ ജനലിലൂടെയും സ്റ്റെയര്‍കേസിലൂടെയും എന്തിന് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാനിലുള്ളിലൂടെയുമെല്ലാം കാമറ പിന്‍തുടരുന്നു. പല ഭാഗങ്ങളിലായി നിലയുറപ്പിച്ച ക്രൂ മെമ്പേഴ്സ് ക്യാമറ ഓഫ് ചെയ്യാതെ കൈമാറിയായിരുന്നു ചിത്രീകരണമെന്നും സംവിധായകന്‍ പറയുന്നു.
ഏതായാലും കുട്ടികുറ്റവാളികൾ ഉണ്ടായികൊണ്ടേയിരിക്കുന്ന ഇക്കാലത്ത്, കൗമാരമനസിന്‍റെ സങ്കീര്‍ണതകളെ, അവരുടെ സംഘര്‍ഷങ്ങളെ കുറച്ചെങ്കിലും മനസിലാക്കാന്‍ പ്രായ, ഭാഷാ, ഭേദമന്യേ കണ്ടിരിക്കേണ്ട സീരീസ് ആണ് അഡോളസെൻസ്.