TOPICS COVERED

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന കണ്‍വെന്‍ഷന് ഇന്ന് തുടക്കം. മൂന്ന് ദിവസം നീളുന്ന കണ്‍വെന്‍ഷനില്‍ ബറാക് ഒബാമ, ബില്‍ ക്ലിന്‍റണ്‍ തുടങ്ങിയവരും പങ്കെടുക്കും. ടിം വാള്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായും ഷിക്കാഗോയില്‍ പ്രഖ്യാപിക്കും.  

പ്രസിഡന്റ് ജോ ബൈഡന് പകരം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായെത്തിയ കമല ഹാരിസിന് പാര്‍ട്ടിയില്‍ എതിരാളികളില്ലാത്തതിനാല്‍ കണ്‍വെന്‍ഷനിലെ ഔദ്യോഗിക പ്രഖ്യാപനം നടപടിക്രമം മാത്രമായിരിക്കും. സര്‍വേ ഫലങ്ങളില്‍ മുന്നിലുള്ള ഡോണള്‍ഡ് ട്രംപിനെതിരായ ആരോപണങ്ങളും വിമര്‍ശനങ്ങളുമായിരിക്കും കണ്‍വെന്‍ഷനിലെ പ്രധാനശ്രദ്ധാകേന്ദ്രം. ബൈഡന്‍റെ അഭിസംബോധനയോടെയായിരിക്കും ഇന്ന് രാത്രി കണ്‍വെന്‍ഷന് തുടക്കമാകുന്നത്. ഹിലരി ക്ലിന്‍റണും ഇന്ന് പങ്കെടുക്കും. നാളെ രാത്രി ബറാക് ഒബാമയും മറ്റന്നാള്‍ ബില്‍ ക്ലിന്‍റണും സമ്മേളനത്തെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ച രാത്രിയില്‍ കമല ഹാരിസിന്‍റെ അഭിസംബോധനയോടെ കണ്‍വെന്‍ഷന്‍ അവസാനിക്കും. അതോടെ പ്രചരണത്തിന്‍റെ ഗിയറും മാറും. അതേസമയം, ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ഷിക്കാഗോയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

ENGLISH SUMMARY:

The convention to officially announce Kamala Harris as the Democratic candidate in the US presidential election began today