ഓഫിസിലേക്കുള്ള യാത്രയെ കുറിച്ച് തല പുകയ്ക്കാത്തവരായി ആരുമുണ്ടാവില്ല. ദിവസവും 1600 കിലോമീറ്റര്‍ യാത്ര ചെയ്ത് ഓഫിസിലെത്തുന്ന കാര്യം ആലോചിച്ച് നോക്കിയിട്ടുണ്ടോ? സ്റ്റാര്‍ബക്സിന്റെ പുതിയ സിഇഒ ബ്രിയാന്‍ നിക്കോളാണ് ഈ വലിയ ദൂരം താണ്ടി അടുത്ത മാസം മുതല്‍ ഓഫിസിലെത്താന്‍ തയ്യാറെടുക്കുന്നത്. നിക്കോള്‍ നിലവില്‍ താമസിക്കുന്നത് കലിഫോര്‍ണിയയിലാണ്. സ്റ്റാര്‍ബക്സിന്റെ ഓഫിസാവട്ടെ സീറ്റിലിലും. പക്ഷേ സ്വന്തം പോക്കറ്റിലെ പൈസ മുടക്കി സിഇഒ കഷ്ടപ്പെടേണ്ടി വരില്ലെന്നാണ് ഓഫര്‍ ലെറ്ററിലെ വാഗ്ദാനം. കമ്പനി കോര്‍പറേറ്റ് ജെറ്റ് തന്നെ സിഇഒയെ കൊണ്ടുവരാന്‍ അയയ്ക്കും.
ആഴ്ചയില്‍ മൂന്ന്ദിവസമാണ് സീറ്റിലിലെ ഓഫിസില്‍ സിഇഒ എത്തേണ്ടത്. 2023 മുതല്‍ സ്റ്റാര്‍ബക്സ് ജീവനക്കാര്‍ക്കായി ഹൈബ്രിഡ് തൊഴില്‍ നയമാണ് സ്വീകരിച്ചുവരുന്നത്. ആഴ്ചയില്‍ നിശ്ചിത ദിവസം ഓഫിസിലെത്തിയാല്‍ മതി. ബാക്കി ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാം. അടുത്ത മാസം സ്റ്റാര്‍ബക്സ് തലപ്പത്തെത്തുന്ന നിക്കോളിന് 1.6 ദശലക്ഷം ഡോളറാണ് അടിസ്ഥാന വാര്‍ഷിക ശമ്പളമായി നല്‍കുക. ഇതിന് പുറമെ 3.6 ദശലക്ഷം ഡോളര്‍ ബോണസായും നല്‍കും. സിഇഒ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയാല്‍ 7.2 ദശലക്ഷം ഡോളര്‍ അധികമായി ലഭിക്കും. ഇത് കൂടാതെ വാര്‍ഷിക വിയര്‍പ്പോഹരിയായി 23 ദശലക്ഷം ഡോളറിനും അര്‍ഹതയുണ്ടാകും.
യുഎസും ചൈനയുമായിരുന്നു സ്റ്റാര്‍ബക്സിന്റെ പ്രധാന വിപണികള്‍. ഇവിടെ രണ്ടിടത്തും വില്‍പ്പന കുത്തനെ ഇടിഞ്ഞു. പ്രശ്നത്തിലായ കമ്പനികളെ കരകയറ്റിയ റെക്കോര്‍ഡ് നിക്കോളിനുണ്ട്. ഇതോടെയാണ് അസാധാരണമായ കരാറിലൂടെ നിക്കോളിനെ സ്റ്റാര്‍ബക്സ് സിഇഒ സ്ഥാനത്ത് കൊണ്ടുവന്നത്