ഉഗാണ്ടക്കാരിയായ ഒളിംപ്യന്‍ റെബേക്ക ചെപ്തെഗിയെ സുഹൃത്ത് തീക്കൊളുത്തി കൊലപ്പെടുത്തി. പാരിസ് ഒളിംപിക്സില്‍ മാരത്തണില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ദുരന്തം സംഭവിച്ചത്. 33കാരിയായ റെബേക്ക 44ാം സ്ഥാനത്താണ് ഒളിംപിക്സില്‍ ഫിനിഷ് ചെയ്തത്. നാലു ദിവസങ്ങള്‍ക്ക് മുന്‍പാണ് റെബേക്കയെ സുഹൃത്ത് തീക്കൊളുത്തിയത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ലിംഗാധിഷ്ഠിത ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് റബേക്കയുടെ മരണം. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും കൊലപാതകങ്ങളും ഈ രാജ്യത്ത് വര്‍ധിച്ചുവരുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. റബേക്കയുടെ മരണവിവരം ഉഗാണ്ട ഒളിംപിക്സ് കമ്മിറ്റി പ്രസിഡന്റാണ് പുറത്തുവിട്ടത്.
റെബേക്കയുടെ സുഹൃത്തായ ഡിക്സണ്‍ ദൈമയെ പൊലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്‍ഡെബസിലെ വീട്ടില്‍വച്ചാണ് റെബേക്കയുടെ ശരീരത്തിലേക്ക് ഡിക്സണ്‍ പെട്രൊളൊഴിച്ച് തീ കൊളുത്തിയത്. 80ശതമാനം പൊള്ളലേറ്റ റെബേക്ക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി അത്ലറ്റിക് ഫെഡറേഷന്‍ രംഗത്തെത്തി.