യാഗി ചുഴലിക്കാറ്റിനും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിവും വടക്കൻ വിയറ്റ്‌നാമിലെ ഫു തോ പ്രവിശ്യയിൽ പാലം തകർന്ന് അപകടം. വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെ 375 മീറ്റർ നീളമുള്ള ഫോങ് ചൗ പാലത്തിന്റെ ഒരു ഭാഗം തകർന്ന് ഹോങ് നദിയിലേക്ക് വീഴുകയായിരുന്നു. മോട്ടോർ ബൈക്കുകളും കാറുകളും ഉൾപ്പെടെ 10 വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ലോറി നദിയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ശനിയാഴ്ചയാണ് വിയറ്റ്നാമിൽ യാഗി ചുഴലിക്കാറ്റ് നാശം വിതച്ച് തുടങ്ങിയത്. തുടർന്നുണ്ടായ കനത്ത കാറ്റിലും അതിശക്തമഴയിലും പല നഗരങ്ങളും വെള്ളത്തിൽ മുങ്ങി. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ച പാലം തകർന്നത്. പിന്നിൽ വന്ന കാറിന്റെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
അപകടത്തിൽ 13 പേരെ കാണാതായതായി. കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് ഉപപ്രധാനമന്ത്രി ഹോ ഡക് ഫോക് പറഞ്ഞു. പാലത്തിന്റെ മറുഭാഗത്ത് നിന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദിക്ക് കുറുകെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി പാലം ഗതാഗത യോഗ്യമാക്കാനുള്ള ശ്രമവും തുടങ്ങി. യാഗി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനുശേഷമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 150ലധികം പേർ മരിച്ചു എന്നാണ് കണക്ക്. മുപ്പത് വർഷത്തിനിടെ വിയറ്റ്നാം കണ്ട ഏറ്റവും ശക്തമായ കൊടുങ്കാറ്റായാണ് കണക്കാക്കുന്നത്.