യഹ്യ അയ്യാഷ് (Imagae: X/cintagaza_my). ലെബനനില്‍ പൊട്ടിത്തെറിച്ച വാക്കി ടോക്കിയുടെ അവശിഷ്ടങ്ങള്‍.

TOPICS COVERED

ഹിസ്ബുല്ലയ്ക്കെതിരായ പേജർ ആക്രമണം മധ്യേഷയിൽ സംഘർഷം രൂക്ഷമാക്കുകയാണ്. പേജറുകൾ പൊട്ടിത്തെറിച്ച സ്ഫോടനം പൊതുവെ അമ്പരിപ്പിക്കുന്നതാണെങ്കിലും എതിരാളികൾക്കെതിരെയുള്ള ഇസ്രയേൽ നീക്കങ്ങളിൽ ഇത് പുത്തരിയല്ല. 1996 ൽ ഹമാസ് ബോംബ് നിർമാണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന യഹ്യ അയ്യാഷിനെ വധിക്കാൻ ഇസ്രയേൽ ഉപയോഗിച്ച സെൽ ഫോൺ ബോംബിന്റെ മറ്റൊരു രീതി മാത്രമാണ് കഴിഞ്ഞ ദിവസം ലെബനനിൽ കണ്ടത്. ലെബനനിൽ ആക്രമണം നടത്തിയതിന് മൊസാദിന് നേരെ വിരൾ ചൂണ്ടുമ്പോൾ സെൽഫോൺ ബോംബ് പൊട്ടിച്ചത് ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷ വിഭാ​ഗമായിരുന്ന ഷിൻ ബെറ്റ് ആയിരുന്നു. 

ദി എൻജിനീയർ 

ദി എൻജിനീയർ എന്ന് വിളിപ്പേരുള്ള യഹ്യ അയ്യാഷ് ​ഗാസയിൽ ഹീറോ പരിവേഷമുള്ള വ്യക്തിയായിരുന്നു. ഹമാസിന്റെ നിരവധി ഉന്നത ആക്രമണങ്ങളിലെ ബുദ്ധി കേന്ദ്രം. യഹ്യ നിർമിച്ച ബോംബുകളായിരുന്നു ഇസ്രയേലിൽ ആദ്യമായി ഹമാസ് നടത്തിയ ചാവേർ ആക്രമണത്തിൽ ഉപയോഗിച്ചത്. ഈ താര പരിവേഷമാണ് പലരെയും യഹ്യ നിർമിച്ച ബോംബിന് ചാവേറാകാൻ പ്രേരിച്ചത്. 

വെസ്റ്റ് ബാങ്കിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയയാളാണ് യഹ്യ. ട്രൈ നൈട്രോ ടോളുവിന്‍ (ടിഎൻടി) മറ്റു സ്ഫോടക വസ്തുക്കളുടെ ലഭ്യത കുറവിലും ഹമാസിനായി അസെറ്റോണും ഡിറ്റർജന്റുകളും ഉപയോഗിച്ച് അദ്ദേഹം ബോബുകൾ നിർമിച്ചു. "മദർ ഓഫ് സാത്താൻ" എന്നാണ് യഹ്യയുടെ ബോംബുകളെ ജ്യുവിഷ് പത്രമായ അൽജെമൈനർ ജേർണൽ വിശേഷിപ്പിച്ചത്. മരണ ശേഷവും ​ആരാധിക്കപ്പെടുന്ന യ​ഹ്യയുടെ പേരിൽ ഗസയിൽ ഒരു തെരുവുണ്ട് 

ആദ്യ ചാവേർ ആക്രമണം

ബെയ്റ്റ് ലിഡ് ചാവേർ ആക്രമണം അടക്കം ഹമാസ് ഇസ്രയേലിൽ നടത്തിയ നിരവധി സ്ഫോടനങ്ങളിലെ ബോബ് നിർമിച്ചത് യഹ്യയായിരുന്നു. ഇസ്രയേലിൽ നടന്ന ആദ്യ ചാവേർ ആക്രമണമായിരുന്നു ബെയ്റ്റ് ലിഡ് ജംക്‌ഷനിലേത്. 21 ഇസ്രയേലി സൈനികരടക്കം 22 പേർക്ക് അന്ന് ജീവൻ നഷ്ടമായി. ഇസ്രയേലിന് ഇത് വലിയ തിരിച്ചടിയായി. സ്ഫോടനങ്ങൾ പിന്നെയും നടന്നെങ്കിലും പാളി പോയൊരു സ്ഫോടന ശ്രമത്തിൽ നിന്നാണ് യ​ഗ്യ അയ്യാഷിനെ പറ്റി ഇസ്രയേലിന് വിവരം ലഭിക്കുന്നത്. ഒരു ഡിറ്റണേറ്ററുമായി ബന്ധിപ്പിച്ച 12 കിലോഗ്രാമിന്റെ അഞ്ച് പെട്രോൾ ടാങ്കുകളുമായി മൂന്ന് ഹമാസ് ചാവേറുകളാണ് അന്ന് പിടിയിലായത്.  

ഇസ്രയേലിന്‍റെ റഡാറിൽ

ഇസ്രയേൽ ചാരക്കണ്ണ് മുകളിലൂടെ പറക്കാൻ തുടങ്ങിയതോടെയാണ് വെസ്റ്റ് ബാങ്കിൽ നിന്നും മാറി താമസിക്കാൻ യഹ്യ അയ്യാഷ് തീരുമാനിക്കുന്നത്. 1995 ജൂണിൽ വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിലെ അഭയാർഥി ക്യാംപിലായിരുന്ന യഹ്യ ആദ്യം. ഇവിടെ നിന്ന് കണ്ട യൂണിവേഴ്സിറ്റിയിൽ ഒപ്പം പഠിച്ച സുഹൃത്ത് ഒസാമ ഹമദാണ് യഹ്യയ്ക്ക് ഷഹീദ് അൽ-ഖലൂതി സ്ട്രീറ്റിൽ താമസം ഒരുക്കുന്നത്. ഹമദിന്‍റെ അമ്മാവന്‍ കമല്‍ ഹമദ് ഒരുക്കിയ സ്ഥലത്തായിരുന്നു ഇവിടെ താമസം.  ഇതിന് മുൻപ് തന്നെ അദ്ദേ​ഹം ഭാര്യയെയും മകനെയും സുരക്ഷിതമായി ഗാസയിലേക്ക് കടത്തിയിരുന്നു. വെസ്റ്റ് ബാങ്കിലായിരുന്നു മാതാപിതാക്കൾ. കുടുംബവുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതാണ് യഹ്യയെ വധിക്കാൻ ഇസ്രയേലിന് വഴിയൊരുക്കിയത്. 

നിരന്തരം ലാൻഡ് ലൈൻ വഴിയാണ് യഹ്യ വീട്ടുകാരെ ബന്ധപ്പെട്ടത്. എന്നാൽ ലൈനിൽ പ്രശ്നം വന്നതോടെയാണ് മൊബൈൽ ഉപയോ​ഗിക്കാൻ നിർബന്ധിതനായത്. ലാൻഡ് ലൈനിൽ പ്രശ്നമുണ്ടാക്കി മൊബൈലിലേക്ക് എത്തിക്കാനുള്ള ഇസ്രയേൽ തന്ത്രമായിരുന്നു ഇതെന്നും വിലയിരുത്തലുണ്ട്.  

ലാൻഡ് ലൈനിൽ നിന്ന് മൊബൈലിലേക്ക്

മൊബൈൽ യഹ്യയിലേക്ക് എത്തിക്കാനുള്ള വഴിയായിരുന്നു ഒസാമ ഹമദിന്റെ അമ്മാവൻ കമൽ ഹമദ്. വർഷങ്ങളായി കമൽ ഷിൻ ബെറ്റിന്റെ ചാരനായി പ്രവർത്തിക്കുകയായിരുന്നു. ലാൻഡ് ലൈനിൽ പ്രശ്നങ്ങൾ വന്നതോടെ ഒസാമയ്ക്ക് നൽകിയ ഫോൺ യഹ്യ കുടുംബത്തോട് ബന്ധപ്പെടാൻ ഉപയോ​ഗിക്കുകയായിരുന്നു. ഈ പ്ലാനിന്റെ ഭാ​ഗമായി കമാൽ ഓസാമയ്ക്ക് 050-507497 എന്ന നമ്പറിലുള്ള മോട്ടറോള ആൽഫ ഫോൺ നൽകി. 

1995 ഡിസംബർ 25 ന് ഈ മൊബൈൽ വഴിയാണ് യഹ്യ വീട്ടിലേക്ക് വിളിക്കുന്നത്. പുതിയ കുട്ടിയുടെ വിശേഷങ്ങൾ സംസാരിച്ചു. അടുത്ത ഫോൺ കോൾ ജനുവരി അഞ്ചിന് എന്ന വിവരം കൈമാറിയാണ് ഫോൺ കോൾ അവസാനിപ്പിച്ചത്. ഈ തീയതി ഇസ്രയേൽ ഉറപ്പിച്ചു. ഇതിന് മുന്നോടിയായി കമൽ വഴി ഫോൺ തിരികെ വാങ്ങി. സ്ഫോടക വസ്തു നിറച്ച ശേഷം ജനുവരി നാലിന് തിരികെ കൈമാറി. 57 ​ഗ്രാം റേഡിയോ കൺട്രോൾഡ് ബോംബാണ് ഉണ്ടായിരുന്നത് എന്നാണ് അന്ന് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാറ്ററി ഭാ​ഗത്തായിരുന്നു സ്ഫോടക വസ്തു ഘടിപ്പിച്ചത്. 

അഞ്ചിന് രാവിലെ ഒൻപത് മണിക്ക് ഫോൺ വന്നു. യഹ്യയുടെ പിതാവാണെന്ന് അറിഞ്ഞതോടെ ഹമദ് ഫോൺ യഹ്യയ്ക്ക് കൈമാറി പുറത്തേക്ക് പോയി. അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരിച്ചുവന്നപ്പോഴേക്കും രക്തത്തിൽ കുളിച്ച യഹ്യയെയാണ് കണ്ടത്. അതേസമയം, അപകട ശേഷം കമൽ ഹമദിനെ ആരും കണ്ടിട്ടില്ല. ​ഗസയിലെ സമ്പത്ത് ഉപേക്ഷിച്ച് രക്ഷപ്പെടു എന്നാണ് റിപ്പോർട്ട്. ഒറ്റിയതിന് ഇസ്രയേൽ അന്നത്തെ 3.55 കോടി (1മില്യൺ ഡോളർ) രൂപയും വ്യാജ പാസ്പോർട്ടും തയ്യാറാക്കി അമേരിക്കയിലേക്ക് കടത്തിയെന്നും റിപ്പോർട്ടുണ്ട്.

ENGLISH SUMMARY:

Israel killed Yahya Ayyash through mobile phone bomb.