national-media-office-has-v

TOPICS COVERED

നിർമിത ബുദ്ധിയിൽ നിക്ഷേപം നടത്താനുള്ള സന്നദ്ധ അറിയിച്ച് നാഷണൽ മീഡിയ ഓഫീസ് ചെയർമാനും യുഎഇ മീഡിയ കൗൺസിൽ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമദ്. ഇന്ത്യ സന്ദർശനവേളയിൽ വിഷ്വൽ എന്റര്‍ടെയ്ന്റമെന്റ് സർവീസ് കമ്പനിയായ ഡിഎൻഇജിയുമായി നടത്തിയ ചർച്ചയിലാണ് നിർമിത ബുദ്ധിയുടെ സാധ്യതകൾ അദ്ദേഹം ആരാഞ്ഞത്. സിനിമ സംവിധായകനും ഡിഎൻഇജിയുടെ ചെയർമാനും സിഇഒയുമായ നമിത് മൽഹോത്ര, ബ്രഹ്മ എക്‌സിക്യൂട്ടീവ് ചെയർമാൻ പ്രഭു നരസിംഹൻ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എമറാത്തി പൗരൻമാരെ ഈ മേഖലയിൽ പരിശീലിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി. സിനിമകൾ, ടെലിവിഷൻ, ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമുകൾ എന്നിവയ്‌ക്കായി നൂതനമായ ഉള്ളടക്കം സൃഷ്‌ടിക്കാൻ അവരെ പ്രാപ്‌തരാക്കുകയാണ് ലക്ഷ്യം.  

ഇതിഹാസ സിനിമയായ 'രാമായണ'ത്തിന്റെ മുംബൈയിലെ ലൊക്കേഷനും അദ്ദേഹം സന്ദർശിച്ചു. വിഷ്വൽ എൻ്റർടെയ്ൻമെന്റ്, ഫിലിം, മൾട്ടി-പ്ലാറ്റ്ഫോം കണ്ടന്റ് ടെക്നോളജി മേഖലകളിൽ നിക്ഷേപം വർധിപ്പിച്ച് നൂതന ആശയങ്ങൾക്കും സർഗാത്മതയ്ക്കുമുള്ള പ്രാദേശിക രാജ്യാന്തര കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.

ഇൻറിഗ്രേറ്റഡ് മീഡിയ എൻറർടെയ്ൻമെൻറ് ഇക്കോ സിസ്റ്റം കെട്ടിപ്പടുക്കുന്നതിന് വിഷ്വൽ എന്റര്‍ടെയ്ന്റമെന്റ്  മേഖലയിലെ മുൻനിര രാജ്യങ്ങളുമായി കൂടുതൽ പങ്കാളിത്തവും സഹകരണവും സ്ഥാപിക്കാൻ തയ്യാറാണെന്ന് അബ്ദുല്ല ബിൻ മുഹമ്മദ്  അറിയിച്ചു. മാധ്യമ, വിനോദ മേഖലകളിലെ സാങ്കേതിക വികസനം വേഗത്തിലാക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണത്തിൽ പ്രതിഫലിക്കുന്നത്. മേഖലയിലെ അനുഭവങ്ങൾ ഇരുരാജ്യങ്ങളും പങ്കുവയ്ക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വർഷം 3.46 ബില്ല്യൺ ഡോളറാണ് യുഎഇ എ.ഐ മേഖലയിൽ നിക്ഷേപിച്ചത്. ഇക്കൊല്ലമത് 5.22 ബില്ല്യൺ ഡോളറായി വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ഐ പ്രഫഷണലുകളെയും വിദഗ്ധരെയും ആകർഷിക്കുന്നതിൽ യു.എ.ഇ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവടങ്ങളിലും ഓഫിസുകളും സ്റ്റുഡിയോകളുമുള്ള ഡിഎൻഇജി വിഷ്വൽ എന്റർടെയ്ൻമെന്റ് രംഗത്ത് ഓസ്കർ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.  നിർമിത ബുദ്ധിയ്ക്കായി ഒരുക്കിയ പ്രത്യേക പ്ലാന്റ് ഫോം ബ്രഹ്മയുടെ ആസ്ഥാനം അബുദാബിയിൽ തുടങ്ങാനുളള തയ്യാറെടുപ്പിലാണ് ഡിഎൻഇജി.  

ENGLISH SUMMARY:

The National Media Office has volunteered to invest in artificial intelligence