വിമാനത്തില്‍ നിന്ന് ലഗേജ് മുഖത്ത് വീണെന്ന പരാതിയുമായി യാത്രക്കാരന്‍. കയ്റോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ ഈജിപ്ത് എയര്‍ വിമാനത്തില്‍ നിന്നാണ് 31 കാരന്‍റെ മുഖത്തേക്ക് ലഗേജ് വീണത്.
ഓവര്‍ഹെഡ് കമ്പാര്‍ട്ട്മെന്‍റില്‍ നിന്നും റോളിങ് ബാഗ് യുവാവിന്‍റെ മുഖത്തേക്ക് വീഴുകയായിരുന്നു. ബാഗ് ശക്തിയോടെ വന്ന് വീണതും മുഖത്ത് സാരമായ മുറിവുണ്ടാവുകയും പല്ലൊടിയുകയും ചെയ്തെന്ന് യുവാവ് പറയുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റി ഇരുത്തി.
പല്ലിനും മുഖത്തുമേറ്റ പരുക്കുകള്‍ക്ക് പുറമേ പിന്നീട് ശക്തമായ കഴുത്തുവേദനയും പുറം വേദനയും അനുഭവപ്പെട്ടുവെന്നും പതിനൊന്നര മണിക്കൂറോളം വേദന സഹിക്കേണ്ടി വന്നുവെന്നും യുവാവിന്‍റെ പരാതിയില്‍ പറയുന്നു. തനിക്ക് സംഭവിച്ച പരുക്കിനും മാനസിക വിഷമങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് യുവാവ്.
ജൂലൈയില്‍ ലണ്ടനിലേക്ക് പോകുകയായിരുന്ന കാഥേ പസഫിക് വിമാനത്തിലും സമാനമായ അപകടം നടന്നിരുന്നു. മുകളിലെ കമ്പാര്‍ട്ട്മെന്‍റില്‍ നിന്നുള്ള ലഗേജ് തലയിലേക്ക് വീണ് അന്ന് വയോധികയ്ക്കാണ് പരുക്കേറ്റത്. പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഓവർഹെഡ് സ്റ്റോറേജ് കമ്പാർട്ട്മെന്‍റെ ലഗേജിന്‍റെ സ്ഥാനം തെറ്റിയതാണ് പരുക്കിന് കാരണമെന്ന് അന്ന് വിമാന അധികൃതര്‍ വ്യകതമാക്കിയിരുന്നു. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടനെ ക്യാബിന്‍ ക്രൂവും ഗ്രൗണ്ട് സ്റ്റാഫും ഇടപെടുകയും വൈദ്യസഹായത്തിനായി വയോധികയെ അടുത്തുള്ള ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.