• ‘ഇന്ത്യയുടെ പങ്കിന് തെളിവുണ്ട് ’
  • 'ഇന്ത്യയും കാനഡയും തമ്മിലുള്ളത് ദീര്‍ഘനാളായുള്ള ബന്ധം'
  • തുടരന്വേഷണത്തില്‍ സഹകരിക്കണമെന്നും കനേഡിയന്‍ പ്രധാനമന്ത്രി

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിന് ശക്തമായ‍ െതളിവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി. കഴിഞ്ഞദിവസം കൈമാറിയ തെളിവുകള്‍ ഇന്ത്യ നിഷേധിച്ചെന്ന് ജസ്റ്റിന്‍ ട്രൂഡോ. തുടരന്വേഷണത്തില്‍ സഹകരിക്കാത്തതിനാലാണ് ആറ് പ്രതിനിധികളെ പുറത്താക്കിയത്. സുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും തുടരന്വേഷണത്തില്‍ സഹകരിക്കണമെന്നും ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു. ഇന്ത്യയും കാനഡയും തമ്മിലുള്ളത് ദീര്‍ഘനാളായുള്ള ബന്ധം. ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ബിഷ്ണോയ് ഗ്രൂപ്പുമായി ബന്ധമെന്ന് കനേഡിയന്‍ പൊലീസ്. ട്രൂഡോ യുകെ പ്രധാനമന്ത്രിയുമായി സംസാരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ആക്റ്റിങ് ഹൈക്കമ്മിഷണര്‍ അടക്കം ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയത്. കാനഡയിലെ ഹൈകമ്മിഷണര്‍ അടക്കം ഏതാനും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ നയതന്ത്ര പ്രതിനിധികള്‍ സംശയനിഴലിലാണെന്ന ട്രുഡോയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു നടപടി.  

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയന്ത്ര ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ കാനഡ ശ്രമിക്കുന്നു എന്നാരോപിച്ചാണ് ഹൈക്കമ്മിഷണര്‍ അടക്കമുള്ളവരെ തിരിച്ചുവിളിച്ചത്. ട്രൂഡോ സര്‍ക്കാരിന്റെ ആരോപണം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ അപകടത്തിലാക്കിയെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.  പിന്നാലെയാണ് കനേഡിയന്‍ ആക്റ്റിങ് ഹൈക്കമ്മിഷണറും ഡെപ്യൂട്ടി ഹൈക്കമ്മിഷണറും അടക്കം ആറുപേരെ പുറത്താക്കിയത്. ശനിയാഴ്ചയ്ക്കകം രാജ്യംവിടാന്‍ ഇവരോട് നിര്‍ദേശിച്ചു. 

നേരത്തെ ആക്റ്റിങ് ഹൈക്കമ്മിഷണര്‍ സ്റ്റുവര്‍ട്ട്  വീലറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം  ഇന്ത്യയ്‌ക്കെതിരെ തെളിവുലഭിച്ചിട്ടുണ്ടെന്ന്  അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കനേഡിയന്‍ പൊലീസ് അറിയിച്ചു. ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പുമായി ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും ഡെപ്യൂട്ടി കമ്മിഷണര്‍ ഉന്നയിച്ചു.  

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സംശയനിഴലിലെന്ന കത്തുലഭിച്ചതിന് പിന്നാലെ ട്രൂഡോ സര്‍ക്കാരിന് രൂക്ഷമായ ഭാഷയില്‍ ഇന്ത്യ മറുപടി നല്‍കിയിരുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി  ഇന്ത്യയെ കരിവാരിത്തേക്കാന്‍ ശ്രമം നടത്തുകയാണ്. ട്രൂഡോയുടെ ഇന്ത്യാവിരോധം നേരത്തെ തന്നെ പ്രകടമായതാണ്. മന്ത്രിസഭയില്‍ ഇന്ത്യന്‍ വിഘടനവാദികളെയും തീവ്രനിലപാടുകാരെയും ഉള്‍പ്പെടുത്തിയത് ഇതിന് തെളിവാണ് എന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

India has denied, obfuscated, attacked me personally: Trudeau on Nijjar killing