TOPICS COVERED

ഒരു കാലത്ത് കുട്ടികള്‍ക്കായുള്ള ടാല്‍കം പൗഡര്‍ ഏതെന്ന് ചോദിച്ചാല്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ മാത്രമായിരുന്നു മനസില്‍ വരിക. അത്രത്തോളം വ്യാപകമായ തോതില്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ ജനപ്രിയമായിരുന്നു, അതുപോലെ തന്നെയായിരുന്നു  ഉല്‍പ്പന്നങ്ങള്‍ക്കായി കമ്പനി നടത്തിയ പരസ്യങ്ങളും. എന്നാല്‍ മൂന്നുവര്‍ഷം മുന്‍പാണ് ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് കാന്‍സര്‍ ബാധിച്ചെന്ന വാദവുമായി ഒരു വ്യക്തി രംഗത്തെത്തിയത്.  2021ലാണ് സംഭവം. ഇപ്പോള്‍ ഈ വ്യക്തിയുടെ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്പനിയോട് ഉത്തരവിട്ടിരിക്കുകയാണ് കോടതി.  126കോടി  നഷ്ടപരിഹാരം നല്‍കണമെന്നാണ് യുഎസ് കോടതി വിധിച്ചത്.  

കണക്ടിക്കറ്റ് സ്വദേശിയായ പ്ലൈയിന്റിഫ് ഇവാന്‍ പ്ലോട്ട്കിന്‍ ആണ് പതിറ്റാണ്ടുകള്‍ നീണ്ട ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗത്തിലൂടെ തനിക്ക് മേസോതെലിയോമ എന്ന അപൂര്‍വതരം കാന്‍സര്‍ ബാധിച്ചെന്നുകാണിച്ച് കോടതിയില്‍ പരാതി നല്‍കിയത്. സംഭവം അന്വേഷിച്ച ജൂറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ 126 കോടി കമ്പനി പരാതിക്കാരന് നല്‍കണമെന്നാണ് കോടതി വിധിച്ചത്. 

ശരീരത്തിനു ദോഷകരമായ ആസ്ബസ്റ്റോസിന്റെ സാന്നിധ്യമാണ് രോഗകാരണം.  ആസ്ബറ്റോസ് അടങ്ങിയ ഒരു ഉല്‍പ്പന്നം വിറ്റ്  ഉപഭോക്താക്കളെ ചതിച്ചതിനു ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് തക്കതായ ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്  വാദിഭാഗം അഭിഭാഷകര്‍ പറഞ്ഞു. അതേസമയം കോടതിവിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ അറിയിച്ചു. കമ്പനി ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.  ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നേരിടുന്ന നിരവധി നിയമ പോരാട്ടങ്ങളില്‍ ഒന്ന് മാത്രമാണ് പ്ലൈയിന്റിഫിന്റെ കേസ്.  അണ്ഡാശയ കാന്‍സറിനും മറ്റ് ഗൈനക്കോളജിക്കല്‍ രോഗങ്ങള്‍ക്കും  കാരണമായെന്ന് ആരോപിക്കുന്ന 62,000-ത്തിലധികം പരാതികളാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണു നേരെ നിലവിലുള്ളത്. 

Johnson and Johnson case and compensation:

Johnson and Johnson to pay one twenty four crores to the complainant man, who blamed baby powder for cancer