TOPICS COVERED

യുഎസ്സിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്‍റെ അഭിമുഖം സംപ്രേഷണം ചെയ്ത സ്വകാര്യ ടെലിവിഷന്‍ ചാനലിനെതിരെ കേസ് ഫയല്‍ ചെയ്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍‌ഡ് ട്രംപ്. പക്ഷാപാതപരവും നിയവിരുദ്ധവുമായി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം ഇടപെട്ടെന്നതടക്കം ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതേസമയം, ബംഗ്ലദേശിലടക്കം ലോകമെമ്പാടുമുള്ള ഹൈന്ദവര്‍ക്കതിരായ ആക്രമണങ്ങള്‍ക്ക് കാരണം ജോ ബൈഡന്‍റേയും കമല ഹാരിസിന്‍റേയും അവഗണനാപരമായ നയമാണെന്ന് ദീപാവലി സന്ദേശത്തില്‍ ട്രംപ് പറഞ്ഞു.

ഇസ്രയേല്‍ ഗാസ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് കമല ഹാരിസ് നല്‍കിയ മറുപടിയാണ് കോടതി കയറുന്നത്. കമല നല്‍കിയ ഉത്തരം പിന്നീട് വീണ്ടും എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും അത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നുമാണ് ട്രംപിന്‍റെ ആരോപണം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന് അനുകൂലമായി ഇടപെടല്‍ നടത്താനും വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചെന്നും സ്വകാര്യചാനലിന്‍റെ 60മിനിട്ട് പരിപാടിക്കെതിരെ ട്രംപ് ആരോപണമുന്നയിക്കുന്നു. 10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടെക്സസ് കോടതിയിലാണ് കേസ് ഫയല്‍ചെയ്തിരിക്കുന്നത്.

ആരോപണങ്ങള്‍ തെറ്റാണെന്നും നിയമപരമായി നേരിടുമെന്നും ടിവി ചാനല്‍ പ്രതികരിച്ചു. അതേസമയം, ബംഗ്ലദേശില്‍ ഹൈന്ദവരും ക്രൈസ്തവരുമടങ്ങുന്ന ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ അപലപിക്കുന്നതായി ദീപാവലി സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. തീവ്രഇടതുപക്ഷത്തിന്‍റെ മതവിരുദ്ധ അജണ്ടയ്ക്കെതിരെ അമേരിക്കയിലെ ഹൈന്ദവരെ സംരക്ഷിക്കുമെന്നും തന്‍റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുമുള്ള മഹത്തായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം, സ്ത്രീകള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവരെ സംരക്ഷിക്കുമെന്ന ട്രംപിന്‍റെ പരാമര്‍ശത്തിനെതിരെ ക‌മല ഹാരിസ് രംഗത്തെത്തി. സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ട്രംപെന്ന് കമല പറഞ്ഞു. 

തിരഞ്ഞടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെ സ്വിങ് സ്റ്റേറ്റുകളിലാണ് ഇരുവരും പ്രചരണം തുടരുന്നത്.

ENGLISH SUMMARY:

Donald Trump files a case against the private television channel that aired Kamala Harris’s interview