നാട്ടില്‍ നിന്ന് വിമാനം കയറുമ്പോള്‍ അബ്ദുൽ റഹീമിന്‍റെ ഉമ്മയ്ക്ക് ഒരേ ഒരു ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്, 18 വർഷത്തിന് ശേഷം മകനെ ഒരു നോക്കു കാണാമെന്ന മോഹം മാത്രം. മകനെ കാണിക്കാമെന്ന വാക്കിന് മുന്നിൽ അവർ മറ്റെല്ലാം മറന്ന് വിമാനം കയറുകയും ചെയ്തു. എന്നാൽ തൊട്ടടുത്തെത്തിയിട്ടും മകനെ കാണാൻ ഉമ്മയ്ക്ക് സാധിച്ചില്ല. തൊട്ടടുത്തിരുന്ന് വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. മകനെ കാണാൻ കഴിയാത്തതിന്‍റെ സങ്കടം പൊതിഞ്ഞുവെച്ച് റഹീമിന്‍റെ ഉമ്മ കണ്ണീർ പൊഴിക്കുന്നു.
പത്തൊൻപത് വർഷമായി മോനെ കണ്ടിട്ട്. ഇന്നെങ്കിലും അവനെ കാണാമല്ലോ എന്നായിരുന്നു സന്തോഷം. എന്നാൽ എന്നെ കാണാൻ അവൻ തയ്യാറായില്ല. തൊട്ടടുത്തെത്തിയിട്ടും അവൻ എന്നെ കാണാൻ വന്നില്ല. നാട്ടിൽ വരുമല്ലോ. അപ്പോ കാണാം, ആയുസുണ്ടെങ്കിൽ. കണ്ണീർ പൊഴിച്ച് ഫാത്തിമ പറയുന്നു. കുറെ ബുദ്ധിമുട്ട് സഹിച്ചാണ് ഇവിടെ എത്തിയത്. ശരീരമാകെ വേദനയുണ്ട്. ജയിൽ മേധാവിയുടെ ഓഫിസിലെത്തിയ എന്നെ കാണാൻ വരാൻ റഹീമിനോട് ആവശ്യപ്പെട്ടെങ്കിലും വന്നില്ല. ഉദ്യോഗസ്ഥർ കുറെ നേരം പറഞ്ഞെങ്കിലും കാണാൻ തയ്യാറായില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പിന്നീട് അവനോട് സംസാരിച്ചത്. സെല്ലിന് സമീപത്തേക്ക് പോയെങ്കിലും റഹീം കാണാന്‍ കൂട്ടാക്കിയില്ല. ഉമ്മാന്‍റെ കൂടെ വന്നവരെ വിശ്വാസമില്ലെന്നാണ് റഹീം പറയുന്നത്. മോനേ, നിന്നെ കാണാതെ ഞാന്‍ ഇവിടെ നിന്ന് പോകില്ലെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും റഹീം കാണാന്‍ തയ്യാറായില്ല.
18 വർഷമായി റഹീമിന്റെ മോചനത്തിനു പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണു വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാൻ ജയിലിലേക്ക് വരേണ്ടതില്ലെന്നു റഹീം കുടുംബത്തെ നേരത്തേ അറിയിച്ചതായും സൂചനയുണ്ട്.റഹീമിന്റെ ജയിൽ മോചന നടപടികൾ നീളുന്ന സാഹചര്യത്തിൽ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരിൽ കാണാൻ സൗദിയിലേക്ക് പോയത്. റിയാദ് ജയിലിൽ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീർഥാടനം നിർവഹിച്ചു മടങ്ങാനായിരുന്നു തീരുമാനം.കഴിഞ്ഞ മാസം 21ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്നു കോടതി അറിയിച്ചിരുന്നു. കേസ് ഇനി 17ന് പരിഗണിക്കുമെന്നു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന്പ്രതീക്ഷയിലാണ് നിയമ സഹായ സമിതി.