rupee

സര്‍വകാല ഇടിവിലാണ് ഇന്ത്യന്‍ രൂപ. ഡോളര്‍ ശക്തമാകുന്നതോടെ 84.43 എന്ന സര്‍വകാല ഇടിവിലേക്ക് ഇന്ത്യന്‍ രൂപ വീണു. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ വിജയം ഡോളറിനുണ്ടാക്കിയ മേല്‍കൈയാണ് രൂപയെ തളര്‍ത്തുന്നത്. അതേസമയം രൂപ ഇടിയുന്തോറും നേട്ടമാകുന്ന ഒരുകൂട്ടരുണ്ട്. രൂപയുടെ മൂല്യതകര്‍ച്ച നേട്ടമാക്കി രാജ്യത്തേക്ക് പണമയക്കുകയാണ് പ്രവാസികള്‍. 

ഡോളറിനെ കൂടാതെ വിവിധ ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നിട്ടുണ്ട്. ഇന്നലെ വൈകീട്ട് ആദ്യമായി യുഎഇ ദിര്‍ഹത്തിനെതിരെ 23 രൂപ നിലവാരത്തിലേക്ക് രൂപ എത്തിയിരുന്നു. ഇതിൽ 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്. ഈ വിനിമയ നിരക്ക് പ്രയോജനപ്പെടുത്തി പ്രവാസികൾ നാട്ടിലേക്കു പണം അയച്ചതോടെ ഏഷ്യൻ രാജ്യങ്ങളിലേക്ക് കോടികളാണ് എത്തിയത്. 

യുഎഇ ദിര്‍ഹം കൂടാതെ മറ്റു ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നിട്ടുണ്ട്. സൗദി റിയാൽ– 22.48 രൂപ, ഖത്തർ റിയാൽ– 23.17 രൂപ, ഒമാൻ റിയാൽ– 219.28 രൂപ, ബഹ്റൈൻ ദിനാർ– 224.04 രൂപ, കുവൈത്ത് ദിനാർ– 274.51 രൂപ എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളിലെ കറൻസികളുടെ രാജ്യാന്തര വിനിമയനിരക്ക്. ഇതിൽ 10 മുതൽ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നൽകുന്നത്. രൂപയിലുണ്ടായ കനത്ത ഇടിവ് 2023 ല്‍ 12.50 കോടി ഡോളറിന്‍റേതാണ്. 

ട്രംപിന്‍റെ വിജയവും ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കുന്നത്. ഡോളര്‍ സൂചിക 2024 ലെ ഏറ്റവും ഉയരമായ 106.55 നിലവാരത്തിലാണ്. തുടര്‍ച്ചയായ 32–ാം വ്യാപാര സെഷനിലും വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരാണ്. ചൊവ്വാഴ്ച 364.35 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റു. നവംബറിലിത് 23,911 കോടി രൂപയായി. ട്രംപിന്‍റെ നയങ്ങള്‍ ഡോളറിന് പിന്തുണ നല്‍കുന്നതിനാല്‍ സമീപ ഭാവിയില്‍ രൂപ ഇനിയും ഇടിയാനാണ് സാധ്യത. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും. 

ENGLISH SUMMARY:

Dirham nears 23 Rupees, expats benefit from Rupeee depreciation.