ആകാശത്തുവച്ച് സൈനിക വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ധാരണ. ലാവോസില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി പാറ്റ് കോണ്‍റോയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം. യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അടക്കമുള്ളവരുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി.
സൈനിക സഹകരണ രംഗത്ത് സുപ്രധാന ചുവടുവയ്പ്പാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കരാര്‍. ഇതനുസരിച്ച് ഓസ്ട്രേലിയയുടെ കെ.സി.– 30 എ ടാങ്കര്‍ വിമാനങ്ങള്‍ നിന്ന് ആകാശത്തുവച്ചുതന്നെ ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സാധിക്കും. യുദ്ധവിമാനങ്ങള്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിവരുമ്പോള്‍ സഹായകരമാണ് തീരുമാനം.
ലാവോസില്‍ ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെ രാജ്നാഥ് സിങ്ങും ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി പാറ്റ് കോണ്‍റോയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം അറിയിച്ചത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന ഓസ്ട്രേലിയ– ഇന്ത്യ വ്യോമസേന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഓസ്ട്രേലിയന്‍ വ്യോമസേന ഉപമേധാവി ഹാര്‍വി റെയ്നോള്‍ഡ്സ് കരാറില്‍ ഒപ്പുവച്ചിരുന്നു.
Also Read; രാഷ്ട്രപതി കഴിഞ്ഞാല്‍ സ്വന്തമായി പിന്‍കോഡുള്ളത് അയ്യപ്പന്; ശബരിമല തപാല്‍ മുദ്രയ്ക്ക് 50 വയസ്
യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള ചര്‍ച്ചയില്‍ പ്രതിരോധ രംഗത്തെ സഹകരണത്തില്‍ കൈവരിച്ച പുരോഗതി വിലയിരുത്തി. ദക്ഷിണ കൊറിയ, ന്യൂസീലാന്‍ഡ് പ്രതിരോധ മന്ത്രിമാരുമായും രാജ്നാഥ് സിങ് ചര്‍ച്ച നടത്തി.