മലയാളിയായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് അടക്കം 21 പേരെ കര്‍ദിനാള്‍ തിരുസംഘത്തിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പ്രാര്‍ഥനാ നിര്‍ഭരമായചടങ്ങില്‍ ഓരോ കര്‍ദിനാളിനേയും പേരുചൊല്ലി വിളിച്ച് സ്ഥാനീയ ചിഹ്നങ്ങള്‍ അണിയിച്ചു. സിറോ മലബാര്‍ പാരമ്പര്യത്തിലുള്ള സ്ഥാനിക ചിഹ്നങ്ങളാണ് മാര്‍പാപ്പ മാര്‍ കൂവക്കാടിനെ അണിയിച്ചുത്. മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായി മാര്‍ കൂവക്കാടിന് കറുപ്പും ചുവപ്പും നിറമുള്ള തലപ്പാവ്, ഒപ്പം പത്രോസിന്റെയും പൗലോസിന്‍റെയും പേരുകള്‍കൊത്തിയ മോതിരവും അണിയിച്ചു.
ലോകത്തോടൊപ്പം നടക്കാനും കണ്ണീരൊപ്പാനും കര്‍ദിനാള്‍മാരോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ദൈവസങ്കല്‍പം ഹൃദയത്തില്‍ ഉറപ്പിക്കുക. പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന വഴിയാണ് നമ്മുടെ മുന്നിലുള്ളത്. അകത്ത് ഒളിക്കുന്നവരാകരുത്, ലോകത്തോടൊപ്പം നടക്കുക, അവരുടെ കണ്ണീരൊപ്പുക. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. അധികാരം ആധിപത്യം പുലര്‍ത്താനാകരുത്, പരസ്പരം ശുശ്രൂഷകരാകണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.
21പേരാണ് കത്തോലിക്കാസഭയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവിയായ, സഭയുടെ രാജകുമാരന്‍മാരെന്ന പേരിലറിയപ്പെടുന്ന കര്‍ദിനാള്‍ പദവിയിലേക്ക് അവരോധിതരായത്. 21 കര്‍ദിനാള്‍മാരില്‍ 20പേരും 80വയസിന് താഴെയുള്ളായതിനാല്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കേണ്ട സാഹചര്യത്തില്‍ ഇവര്‍ക്ക് കോണ്‍ക്ലേവില്‍ പങ്കെടുക്കാനാകും. 99 വയസുകാരന്‍ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ് ആഞ്ചെലോ അസെര്‍ബിയാണ് കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നത്. 44കാരന്‍ യുക്രെനിയന്‍ ഗ്രീക്ക് സഭയിലെ ആര്‍ച്ച് ബിഷപ്പ് മികോല ബൈചോകാണ് ഏറ്റവും ജൂനിയര്‍.
നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ അമലോല്‍ഭവ മാതാവിന്റെ തിരുന്നാള്‍ കുര്‍ബാനയില്‍ മാര്‍പാപ്പയ്ക്കൊപ്പം പുതിയ കര്‍ദിനാള്‍മാരും സഹകാര്‍മികരാകും. വത്തിക്കാനിലും സമീപരാജ്യങ്ങളിലുമുള്ള മലയാളികളടക്കം ഒട്ടേറെ വിശ്വാസികളാണ് കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്. ഇതോടെ കത്തോലിക്കസഭയിലെ കര്‍ദിനാള്‍മാരുടെ എണ്ണം 256 ആയി. ഇതില്‍ 141 പേരാണ് 80 വയസിന് താഴെയുള്ളത്.