cardinal-george-jacob-koovakad

പുതുതായി സ്ഥാനമേറ്റ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്  അടക്കം 21 കര്‍ദിനാള്‍മാര്‍ ഇന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പം നന്ദി പ്രകാശന ദിവ്യബലി അര്‍പ്പിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ അമലോല്‍ഭവ മാതാവിന്‍റെ തിരുനാള്‍ ദിവ്യബലി. ഇന്ത്യയില്‍ നിന്നുള്ള മറ്റ് കര്‍ദിനാള്‍മാരും മാര്‍ ജോര്‍ജ് കൂവക്കാടിന്‍റെ മാതാപിതാക്കളും കര്‍മങ്ങളില്‍ പങ്കെടുക്കും. പ്രാദേശിക സമയം വൈകിട്ട് സിറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ദിനാള്‍ മാര്‍ കൂവക്കാടിന് വത്തിക്കാനില്‍ സ്വീകരണച്ചടങ്ങും ഒരുക്കിയിട്ടുണ്ട്. 

മലയാളിയായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് അടക്കം 21 പേരെയാണ് കര്‍ദിനാള്‍ തിരുസംഘത്തിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഓരോ കര്‍ദിനാളെയും പേരുചൊല്ലി വിളിച്ച് സ്ഥാനീയ ചിഹ്നങ്ങള്‍ അണിയിച്ചു. സിറോ മലബാര്‍ പാരമ്പര്യത്തിലുള്ള സ്ഥാനിക ചിഹ്നങ്ങളാണ് മാര്‍പാപ്പ മാര്‍ കൂവക്കാടിനെ അണിയിച്ചത്. ‌മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായി മാര്‍ കൂവക്കാടിന് കറുപ്പും ചുവപ്പും നിറമുള്ള തലപ്പാവും പത്രോസിന്റെയും പൗലോസിന്‍റെയും പേരുകള്‍ കൊത്തിയ മോതിരവും അണിയിച്ചു.

ലോകത്തോടൊപ്പം നടക്കാനും കണ്ണീരൊപ്പാനും കര്‍ദിനാള്‍മാരോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. 'ദൈവസങ്കല്‍പം ഹൃദയത്തില്‍ ഉറപ്പിക്കുക. പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന വഴിയാണ് നമ്മുടെ മുന്നിലുള്ളത്. അകത്ത് ഒളിക്കുന്നവരാകരുത്, ലോകത്തോടൊപ്പം നടക്കുക, അവരുടെ കണ്ണീരൊപ്പുക. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. അധികാരം ആധിപത്യം പുലര്‍ത്താനാകരുത്, പരസ്പരം ശുശ്രൂഷകരാകണ'മെന്നും മാര്‍പ്പാപ്പ പറഞ്ഞു.

 

21പേരാണ് കത്തോലിക്കാസഭയില്‍ മാര്‍പാപ്പ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവിയായ, സഭയുടെ രാജകുമാരന്‍മാരെന്ന പേരിലറിയപ്പെടുന്ന കര്‍ദിനാള്‍ പദവിയിലേക്ക് അവരോധിതരായത്. 21 കര്‍ദിനാള്‍മാരില്‍ 20പേരും 80വയസിന് താഴെയുള്ളായതിനാല്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കേണ്ട സാഹചര്യത്തില്‍ ഇവര്‍ക്ക് കോണ്‍ക്ലേവില്‍ പങ്കെടുക്കാനാകും. 99 വയസുകാരന്‍ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ് ആഞ്ചെലോ അസെര്‍ബിയാണ് കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നത്. 44കാരന്‍ യുക്രെനിയന്‍ ഗ്രീക്ക് സഭയിലെ ആര്‍ച്ച് ബിഷപ്പ് മികോല ബൈചോകാണ് ഏറ്റവും ജൂനിയര്‍.

ENGLISH SUMMARY:

Kerala priest George Jacob Koovakad elevated as Cardinal by Pope Francis. Today along with other newly appointed Cardinals Cardinal George Jacob Koovakad will join with Pope Francis in a Holy Mass.