മുന്‍ ഓപ്പണ്‍ എഐ ഗവേഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സാന്‍ ഫ്രാന്‍സിസ്കോയിലെ അപാര്‍ട്ട്മെന്റിലാണ് 26കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 26വയസുകാരനായ സുചിര്‍ ബാലാജിയാണ് മരിച്ചത്. ബാലാജിയുടെ മരണവാര്‍ത്തയ്ക്ക് എക്സ് മേധാവി ഇലോണ്‍ മസ്ക് നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ‘ഹും ’എന്നാണ് മരണവാര്‍ത്തയോട് മസ്കിന്റെ പ്രതികരണം. മസ്കിന്റെ ബദ്ധശത്രുവാണ് ഓപ്പണ്‍ എഐ സിഇഒ സാം അള്‍ട്ട്മന്‍.
അതേസമയം മരണം ആത്മഹത്യ തന്നെയാണെന്നും സംശയാസ്പദമായ മറ്റ് സാഹചര്യങ്ങളൊന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും സാന്‍ ഫ്രാന്‍സിസ്കോ പൊലീസ് പറഞ്ഞു. ബ്യുക്കാനെന്‍ സ്ട്രീറ്റ് അപാര്‍ട്ട്മെന്റില്‍ നവംബര്‍ 26നാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 നവംബര്‍ മുതല്‍ 2024 ഓഗസ്റ്റ് വരെ ഓപ്പണ്‍ എഐയില്‍ ജോലി ചെയ്തിരുന്നു ബാലാജി.
എക്സിലാണ് മരണവാര്‍ത്തയ്ക്കു താഴെ ഇലോണ്‍ മസ്കിന്റെ വിചിത്രമായ പ്രതികരണം. 2015ല്‍ സാം അള്‍ട്ട്മാനും ഇലോണ്‍ മസ്കും ചേര്‍ന്നാണ് ഓപ്പണ്‍ എഐ സ്ഥാപിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അള്‍ട്ട്മാനുമായി തെറ്റിപ്പിരിഞ്ഞ് മസ്ക് എക്സ്എഐ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഓപ്പണ്‍ എഐയുടെ കുത്തക നിലപാടിനെതിരെ മസ്ക് വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ ഓപ്പണ്‍ എഐക്കെതിരെ ബാലാജി വിമര്‍ശനം ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്. പകര്‍പ്പാവകാശ ലംഘനം നടത്തിയെന്നായിരുന്നു ഓപ്പണ്‍ എഐക്കെതിരായ ആരോപണം. ചാറ്റ് ജിപിടി ഇന്‍റര്‍നെറ്റിനെ തന്നെ തകര്‍ക്കുമെന്നായിരുന്നു ബാലാജിയുടെ മറ്റൊരു വിമര്‍ശനം. മൂന്നു വര്‍ഷം ഓപ്പണ്‍ എഐയിലും ഒരു വര്‍ഷം ചാറ്റ് ജിപിടിയിലും ജോലി ചെയ്തതിനെക്കുറിച്ചുള്ള അനുഭവങ്ങളും ബാലാജി ഈ അടുത്ത കാലത്ത് തുറന്നു പറഞ്ഞിരുന്നു.