റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ അടുത്ത അനുയായിയും മിസൈല്‍ വിദഗ്ധനുമായ മിഖായേല്‍ ഷാറ്റ്സ്കി കൊല്ലപ്പെട്ടു. ഇന്നലെയാണ് റഷ്യന്‍ മിസൈലുകള്‍ നിര്‍മിക്കുന്ന മാര്‍സ് ഡിസൈന്‍ ബ്യൂറോ മേധാവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റഷ്യ–യുക്രയിന്‍ യുദ്ധത്തില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് മാര്‍സ് .
ക്രംലിനില്‍ നിന്നും എട്ട് മൈല്‍ ദൂരെയായി കുസ്മിന്‍സ്കി വനത്തിലാണ് മാര്‍സ് മേധാവിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പുട്ടിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ഷാറ്റ്സ്കിയുടെ കൊലയ്ക്കു പിന്നില്‍ യുക്രയിനാണെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്ന്റെ ഔദ്യോഗിക സൈനിക രഹസ്യാന്വേഷണ വിഭാഗമായ യുക്രെയ്ൻ ഡിഫൻസ് ഇന്റലിജൻസ് ആണ് ഇതിനു പിന്നിലെന്നാണ് സൂചന. ഈ ഏജന്‍സി മുന്‍പ് ഷാറ്റ്സ്കിയെ ലക്ഷ്യം വച്ച് മോസ്കോയിൽ പ്രത്യേക ഓപ്പറേഷൻ നടത്തിയിരുന്നതായാണ് സൂചന. എന്നാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രൈയ്ൻ ഏറ്റെടുത്തിട്ടില്ല.
റഷ്യൻ ബഹിരാകാശ, സൈനിക വ്യവസായങ്ങൾക്കായി ഓൺബോർഡ് ഗൈഡൻസ് സിസ്റ്റങ്ങൾ രൂപകൽപ്പനയും നിർമ്മാണവും നടത്തുന്നതിന്റെ തലച്ചോര്‍ കൂടിയായിരുന്നു ഷാറ്റ്സ്കി. അസോസിയേറ്റ് പ്രൊഫസറ്‍ കൂടിയായ ഷാറ്റ്സ്കി റഷ്യൻ സേന യുക്രയിനെ ആക്രമിക്കാൻ ഉപയോഗിക്കുന്ന kh-69 രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. kh -59 ക്രൂസ് മിസൈലിനെ നൂതനമാക്കിയാണ് kh-69 രൂപപ്പെടുത്തിയത്. ‘ഏറ്റവും അപകടകാരിയായ ക്രിമിനലി’നെ ഇല്ലാതാക്കി എന്നാണ് ക്രംലിന്‍ വിരുദ്ധ മാധ്യമപ്രവര്‍ത്തകന്‍ അലെക്സാണ്ടര്‍ നവ്സറോവ് ഷാറ്റ്സ്കിയുടെ മരണത്തെ വിശേഷിപ്പിച്ചത്.