കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നെന്ന് ട്രൂഡോ. പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് തീരുമാനം. ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ സ്ഥാനത്ത് തുടരും. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തിരുന്നു. തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്.
2015 മുതല്‍ മൂന്നുതവണ തുടര്‍ച്ചയായി കാനഡയെ നയിക്കുന്ന ജസ്റ്റിന്‍ ട്രൂഡോയെ ജനങ്ങള്‍ക്ക് മടുത്തുതുടങ്ങിയെന്ന സര്‍വേഫലങ്ങള്‍കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് രാജിയിലേക്ക് നീങ്ങിയത്. ഇന്ത്യയുമായുള്ള ഖലിസ്ഥാന്‍ വിവാദമടക്കം വിഷയങ്ങളില്‍ കനത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന ട്രൂഡോയുടെ നേതൃത്വത്തില്‍, ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ലിബറല്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജി.
ഖലിസ്ഥാന്‍ വിഷയത്തില്‍ തെളിവില്ലാതിരുന്നിട്ടും ഇന്ത്യയ്ക്കെതിരെ നടപടി എടുത്തെന്ന ആരോപണം പ്രതിപക്ഷം കടുപ്പിച്ചിരുന്നു. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ജനസമ്മതി കൂടിയതിനാല്‍ തിരഞ്ഞെടുപ്പിലേക്ക് പുതിയ നേതൃത്വം വേണമെന്ന് ലിബറല്‍ പാര്‍ട്ടി എംപിമാർ ആവശ്യപ്പെട്ടിരുന്നു.
ട്രൂഡോയുടെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ച് ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവച്ചതും കനത്ത തിരിച്ചടിയായി. അടുത്തിടെ നടന്ന സര്‍വേയില്‍ പകുതിയിലധികം എംപിമാരും ട്രൂഡോ രാജി വയ്ക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നതും വീടുകളുടെ വിലയും വാടകയും കൂടിയതും ഭരണവിരുദ്ധവികാരമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പൈപ്പ് ലൈന്‍ പദ്ധതിയുടെ പേരില്‍ ഗോത്രവിഭാഗത്തിന്‍റെ പ്രതിഷേധം നേരിടേണ്ടിവന്നതും ട്രൂഡോയ്ക്ക് ക്ഷീണമുണ്ടാക്കി. അതേസമയം, പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതടക്കം കാര്യങ്ങള്‍ ബുധനാഴ്ചത്തെ കോക്കസില്‍ ചര്‍ച്ചയായേക്കും.