കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നെന്ന് ട്രൂഡോ. പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് ട്രൂഡോയുടെ പടിയിറക്കം.
2015 മുതല്‍ മൂന്നുതവണ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ജനപിന്തുണ ഇടിഞ്ഞതായി സര്‍വേ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. ബുധനാഴ്ച ലിബറല്‍ പാര്‍ട്ടി കോക്കസില്‍ പുതിയ നേതൃത്വത്തിനായി ആവശ്യമുയരുമെന്ന സ്ഥിതി വന്നതോടെയാണ് രാജി.
ലിബറല്‍ പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുംവരെ സ്ഥാനത്ത് തുടരും. പാര്‍ട്ടിലെ പടനീക്കം സമ്മതിച്ച ട്രൂഡോ തന്റെ രാജി പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്ന് പറഞ്ഞു.
പാര്‍ലമെന്റ് അടുത്ത മാര്‍ച്ച് വരെ സസ്പപെന്‍ഡ് ചെയ്യാന്‍ ഗവര്‍ണര്‍ ജനറലിന് ശുപാര്‍ശ നല്‍കിയതായും ട്രൂഡോ വ്യക്തമാക്കി. നേതൃസ്ഥാനത്തേക്ക് ഇനി ഉണ്ടാകില്ലെന്ന സൂചനയും ട്രൂഡോ നല്‍കി.
പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ജനപിന്തുണ കൂടിയെന്നാണ് സര്‍വേഫലങ്ങള്‍. ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണം നിലനിര്‍ത്താന്‍ ശക്തമായ നേതൃത്വം വേണമെന്നാണ് ലിബറല്‍ പാര്‍ട്ടി എംപിമാരുടെ ആവശ്യം.
ട്രൂഡോയുടെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ച് രാജിവച്ച ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡും കേന്ദ്രബാങ്ക് മുന്‍ ഗവര്‍ണര്‍ മാര്‍ക് കാര്‍ണിയുമാണ് ട്രൂഡോയുടെ പിന്‍ഗാമികളാകാന്‍ സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.