പ്രസവത്തിനു പിന്നാലെ അമിതരക്തസ്രാവത്താല്‍ യുവതി മരിച്ച കേസില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് 11 കോടി രൂപ പിഴയിട്ട് കോടതി. മലേഷ്യയിലാണ് സംഭവം. രണ്ടാമത്തെ പ്രസവത്തിനിടെയാണ് യുവതിക്ക് അമിതരക്ത്രസ്രാവമുണ്ടായത്. എന്നാല്‍ വേണ്ട രീതിയിലുള്ള ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാരോ നഴ്സിങ് സ്റ്റാഫോ തയ്യാറായില്ലെന്നാണ് ക്ലാങ് ഹൈക്കോടതി കണ്ടെത്തിയത്. ചികിത്സ അനിവാര്യമായ സമയത്ത് ഡോക്ടര്‍ മദ്യപിക്കാന്‍ പോയതായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്യൂട്ടി ഡോക്ടര്‍മാരായ മുനിയാണ്ടി ഷണ്‍മുഖം, അകംബരം രവി എന്നിവരും മൂന്ന് നഴ്സുമാരും യുവതിയുടെ മരണത്തിനു ഉത്തരവാദികളാണെന്ന് കോടതി വ്യക്തമാക്കി. 2019ലാണ് പുനിത മോഹന്‍ എന്ന യുവതിയെ രണ്ടാമത്തെ പ്രസവത്തിനായി ഷാന്‍ ക്ലിനിക്കില്‍ പ്രവേശിച്ചത്. പ്രസവത്തിനു തൊട്ടുപിന്നാലെ രക്തസ്രാവം കൂടുകയും ചികിത്സ കിട്ടാതെ മരിക്കുകയുമായിരുന്നു.
11കോടി നഷ്ടപരിഹാരത്തില്‍ 95 ലക്ഷം യുവതി അനുഭവിച്ച യാതനയ്ക്കും, 1.9കോടി രണ്ട് കുഞ്ഞുങ്ങള്‍ക്കും, 57 ലക്ഷം യുവതിയുടെ മാതാപിതാക്കള്‍ക്കുമാണെന്നും കോടതി വിശദീകരിച്ചു. രണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും യുവതിയുടെ അപകടാവസ്ഥ തിരിച്ചറിയാന്‍ പോലും സാധിച്ചില്ല. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന യോഗ്യതകള്‍ ഇല്ലാത്തവരായിരുന്നു നഴ്സുമാരെന്നും കോടതി വിലയിരുത്തി.
പ്ലാസന്റെ മുറിച്ചുമാറ്റിയതിനു പിന്നാലെ വലിയതോതില്‍ രക്തമൊഴുകിയിട്ടും പഞ്ഞിവച്ച് രക്തസ്രാവം നിര്‍ത്താനാണ് നഴ്സുമാര്‍ ശ്രമിച്ചതെന്ന് യുവതിയുടെ അമ്മ പറയുന്നു. യുവതിയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കാതെ നഴ്സുമാര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. മാത്രമല്ല ഈ സമയം ഡോക്ടര്‍ അകംബരം രവി മദ്യപിക്കാനായി പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പോസ്റ്റ്പാര്‍ട്ടം ഹാമറേജ് സംഭവിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഡോക്ടര്‍മാര്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി വിലയിരുത്തുന്നു.