യുഎസിൽ ഇനി ട്രംപ് യുഗം. യുഎസിന്റെ 47ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കവനോയ്ക്ക് മുന്‍പാകെ സത്യവാചകം ചൊല്ലി അധികാരമേറ്റു. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ.
ചടങ്ങിനു മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും ജെ.ഡി.വാൻസും ഭാര്യ ഉഷ വാൻസും ഉൾപ്പെടെയുള്ളവർ വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിൽ പങ്കെടുത്തു. ജെ.ഡി.വാന്‍സിന്‍റെ ഭാര്യ ഉഷ ചിലുകുരി യു.എസ് സെക്കന്‍ഡ് ലേഡിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജയായി അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്നാണ് ഇവരെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും എത്തിയത്.
ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ്, മാധ്യമ ഭീമൻ റൂപർട്ട് മർഡോക്ക് എന്നിവരും ചടങ്ങിനെത്തിയിട്ടുണ്ട്. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ തുടങ്ങിയവർ ചടങ്ങിനുണ്ടാവില്ല. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.