റഷ്യന്‍ ബ്രൂവറിയുടെ ബിയര്‍ കാനുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം പതിപ്പിച്ചതിനെതിരെ സൈബറിടത്ത് വ്യാപക പ്രതിഷേധം.മുൻ ഒഡീഷ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ കൊച്ചുമകനായ സുപർണോ സത്പതിയാണ് മഹ്താമാഗാന്ധിയുടെ മുഖം പതിപ്പിച്ച ബിയര്‍ കാനുകളുടെ ചിത്രം എക്സില്‍ പങ്കുവെച്ച് പ്രതിഷേധം അറിയിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം റഷ്യൻ സർക്കാരുമായി ചർച്ച ചെയ്യണമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.48 മണിക്കൂറിനുള്ളിൽ 141,200ൽ അധികം ആളുകൾ ഈ പോസ്റ്റ് കണ്ടു.ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം പ്രതിഷേധം വ്യാപകമാവുകയായിരുന്നു.
റഷ്യന്‍ ബ്രൂവറിയുടെ നടപടിക്കെതിരെ നിരവധിപേരാണ് കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.ഗാന്ധി സമാധാനത്തിന്റെയും അഹിംസയുടെയും ആഗോള പ്രതീകമാണെന്നും അദ്ദേഹത്തെ മദ്യവുമായി ബന്ധിപ്പിക്കുന്നത് അനുചിതമാണെന്നുമാണ് ഭൂരിഭാഗം പേരും കമന്‍റ് ചെയ്തത്.
സമാധാനത്തിനും മദ്യ വർജനത്തിനും ജീവിതം ഉഴിഞ്ഞുവെച്ച ഒരു നേതാവിന്റെ പാരമ്പര്യം ലഘൂകരിക്കുന്ന രീതിയിൽ റഷ്യൻ ബ്രൂവറിയായ റിവോട്ട് 'മഹാത്മജി' എന്ന പേരിൽ ബിയർ വിൽക്കുന്നു. ഇത് ഇന്ത്യയുടെ മൂല്യങ്ങളെയും ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഗാന്ധിജിയുടെ പേര് ഒരിക്കലും മദ്യം പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കരുത്. ഇത് ഉടൻ അവസാനിപ്പിക്കണം" ഒരാൾ എക്സിൽ കുറിച്ചു.
ഗാന്ധിജിക്ക് മദ്യവുമായി എന്ത് ബന്ധം?അദ്ദേഹം എന്തിനെല്ലാം എതിരായിരുന്നോ അതിനെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹത്തിന്റെ പേരും ചിത്രവും ഉപയോഗിക്കുന്നത് അദ്ദേഹത്തിനോട് ചെയ്യുന്ന കടുത്ത നീതികേടാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്.
റഷ്യന്‍ ബ്രൂവറികളുടെ നടപടികള്‍ക്ക് സമാനമായി മുന്‍പും ഗാന്ധിജിയുടെ ചിത്രം മദ്യത്തിന്റെ പരസ്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. 2019ൽ ഇസ്രയേലി മദ്യ കമ്പനി 71-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിൽ പതിപ്പിച്ചത് വിവാദത്തിലായിരുന്നു. പിന്നീട് കമ്പനി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.