ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും പുരോഗതി. എന്നാല്‍ രോഗാവസ്ഥ സങ്കീര്‍ണമായി തുടരുന്നു. രണ്ടാഴ്ച മുമ്പാണ് ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് റോമിലെ ജമേലി ആശുപത്രിയില്‍ മാര്‍പാപ്പയെ പ്രവേശിപ്പിച്ചത്.
ന്യുമോണിയ ബാധ നിയന്ത്രണവിധേയമെങ്കിലും മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുകയാണെന്ന് വത്തിക്കാന്‍ അറിയിച്ചു. ശ്വാസംമുട്ടലിന് നേരിയ ആശ്വാസമുണ്ടെങ്കിലും ഇപ്പോഴും ഓക്സിജന്‍ നല്‍കുന്നുണ്ട്. മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ നല്‍കിയിരുന്നത്. ഇന്നലെ ഇടയ്ക്കിടെ ഓക്സിജന്‍ മാസ്കിലേക്കും മാറി. അണുബാധ രക്തത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. ജമേലി ആശുപത്രിയിലെ പത്താംനിലയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചികില്‍സയില്‍ കഴിയുന്നത്. ഇവിടുത്തെ ചാപ്പലില്‍ അദ്ദേഹം പ്രാര്‍ഥന നടത്തിയെന്നും ദിവ്യകാരുണ്യം സ്വീകരിച്ചെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. ചാരുകസേരയിലിരുന്ന് മാര്‍പാപ്പ ഔദ്യോഗകാര്യ നിര്‍വഹണം നടത്തിയെന്നും വത്തിക്കാന്‍ അറിയിച്ചു. ലോകമെങ്ങും മാര്‍പാപ്പയ്ക്കായി പ്രാര്‍ഥ തുടരുകയാണ്.