പവര്‍ ബാങ്കിനെ പേടിക്കണോ? പേടിക്കണം എന്നാണ് സൗത്ത് കൊറിയയുടെ അനുഭവങ്ങള്‍ പറയുന്നത്. ഒരു വിമാനത്തെവരെ വിഴുങ്ങാന്‍ മാത്രം പവര്‍ ഈ കുഞ്ഞന്‍ പവര്‍ ബാങ്കിനുണ്ടത്രേ. ജനുവരി 28ന് ഗിംബെ എയര്‍പോര്‍ട്ടില്‍ എയര്‍ ബുസാന്‍ വിമാനത്തിന് തീപിടിക്കാന്‍ കാരണം പവര്‍ ബാങ്ക് ആണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍. തീ ആദ്യം പടര്‍ന്ന ലഗേജ് കംപാര്‍ട്ട്മെന്‍റില്‍ കണ്ടെത്തിയ പവര്‍ ബാങ്കിന്‍റെ സാന്നിധ്യമാണ് സംശയത്തിന് കാരണം. 176 യാത്രക്കാരുമായി പോയ വിമാനം കത്തിനശിച്ചെങ്കിലും തലനാരിഴ്ക്ക് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിന്‍റെ പിന്‍ഭാഗത്ത് തീ പടരുന്നത് കണ്ടതോടെ അതിവേഗം യാത്രക്കാരെയും ജീവനക്കാരെയും പുറത്തെത്തിച്ചതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
എന്തുകൊണ്ട് പേടിക്കണം?
ജ്വലന പ്രവണതയുള്ള ലിഥിയം–അയണ്‍ ബാറ്ററിയുള്ള പവര്‍ബാങ്കുകളാണ് വില്ലന്‍. ചെറിയ കേടുപാടുകള്‍ ഉണ്ടെങ്കിലോ തെറ്റായി കൈകാര്യം ചെയ്താലോ അമിതമായ ചൂടും തീപ്പൊരിയും ഉണ്ടാക്കാന്‍ പര്യാപ്തമാണ് ഇവ. കഴിഞ്ഞ ജൂണില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് വന്ന വിമാനത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു.
വിമാനത്തില്‍ പവര്‍ ബാങ്ക് ഉപയോഗിക്കണ്ട!
യാത്രയിലെ അപകട സാധ്യത ഒഴിവാക്കാന്‍ ചെക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നത് എയര്‍ലൈനുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഹാര്‍ഡ് ബാഗേജിലോ ക്യാരി–ഓണ്‍ ബാഗേജിലോ 100 വാട്ട്‌സ് വരെയുള്ള പവര്‍ ബാങ്കുകള്‍ക്ക് അനുമതി ഉണ്ട്. 100നും 160 വാട്‌സിനും ഇടയിലുള്ള പവര്‍ ബാങ്കുകള്‍ കൊണ്ടുപോകാന്‍ എയര്‍ലൈനിന്‍റെ പ്രത്യേക അനുമതി വേണം. എന്നാല്‍ അപകടശേഷം പവര്‍ ബാങ്കുകള്‍ക്ക് NO ENTRY ബോര്‍ഡ് വച്ചിരിക്കുകയാണ് എയര്‍ ബുസാന്‍.
ചൈന, തായ് എയര്‍ലൈനുകളും പവര്‍ ബാങ്ക് ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സിംഗപ്പൂര്‍ എയര്‍ലൈന്‍സും അവരുടെ ബജറ്റ് എയര്‍ലൈനായ സ്കൂട്ടും ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ ബോര്‍ഡില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നതും ചാര്‍ജ് ചെയ്യുന്നതും നിരോധിക്കുകയാണ്. അതായത്, എയര്‍ലൈനുകള്‍ അനുവദിച്ചിട്ടുള്ള മാനദണ്ഡപ്രകാരം പവര്‍ ബാങ്ക് ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാം, ഉപയോഗിക്കാന്‍ പാടില്ല.
യാത്രക്കാരുടെ ശ്രദ്ധക്ക്
വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. യാത്രക്കാര്‍ പവര്‍ ബാങ്ക് ഹാൻഡ് ബാഗേജില്‍ സൂക്ഷിക്കണം. അത് എയര്‍ലൈന്‍ അനുവദിച്ചിട്ടുള്ള അളവിനും നിയമങ്ങള്‍ക്കും അനുസരിച്ചായിരിക്കണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍, ചെക് ഇന്‍ സമയത്ത് എയര്‍ലൈന്‍ ജീവനക്കാരെ അറിയിക്കണം.