ബഹിരാകാശത്ത് നിന്ന് ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും ഇരുവരുടെയും വീടുകളിലേക്ക് തിരിച്ചെത്തി. ആരോഗ്യം ഭേദപ്പെട്ടതോടെ നാസയുടെ റീഹാബിലിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാണ് ഇരുവരുടെയും മടക്കം. നാസ ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട സുനിത വില്യംസ് താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും ഉറപ്പുനല്‍കി.
ഭൂമിയില്‍ തിരിച്ചെത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സുനിത അമേരിക്കയിലെ തന്‍റെ വീട്ടിലേക്ക് തിരിച്ചെത്തിയത്. ബഹിരാകാശത്ത് വച്ച് പറഞ്ഞതുപോലെ തന്‍റെ നായ്ക്കളെ ഒന്ന് കെട്ടിപിടിക്കണമെന്ന ആഗ്രഹമാണ് വീട്ടിലെത്തിയ ഉടനെ സുനിത നിറവേറ്റിയത്. Best Homecoming ever എന്ന അടിക്കുറിപ്പോടെ സുനിത തന്നെയാണ് വീട്ടില്‍ തിരികെയെത്തിയ വിവരം എക്സിലൂടെ പങ്കുവച്ചത്. കമ്മന്‍റുമായി ഇലോണ്‍ മസ്കുമെത്തി.റീഹാബിലിറ്റേഷന്‍ പ്രക്രിയയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട സുനിതയും ബുച്ചും വിവാദങ്ങളെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ. ആരെയും കുറ്റപ്പെടുത്താനില്ല. പ്രതീക്ഷിച്ചതുപോലെ തിരികെ വരാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്. അത് ഒരര്‍ഥത്തില്‍ നിങ്ങള്‍ പറഞ്ഞതുപോലെ ഒരു കുടുങ്ങല്‍ ആയിരുന്നു. എന്നാല്‍ ഞാനും ബുച്ചും എന്തും സംഭവിക്കുമെന്ന് പ്രതീക്ഷയില്‍ വെല്ലുവിളികളെ ഏറ്റെടുത്ത് ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളികളായവരാണ്.
ഇന്ത്യയെ കുറിച്ച് പറയാനും മറന്നില്ല സുനിത. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഹിമാലയവും രാത്രിയില്‍ വിളക്കുകള്‍ തെളിയിക്കുന്ന ഇന്ത്യന്‍ നഗരങ്ങളും വളരെ മനോഹരമാണ്. തന്നെയും ഇന്ത്യയിലേക്ക് കൊണ്ടുപോകുമോ എന്ന ബുച്ചിന്റെ ചോദ്യത്തിന്, തീര്‍ച്ചയായും കൊണ്ടുപോയി എരിവുള്ള ഭക്ഷണം വാങ്ങി നല്‍കാമെന്നായിരുന്നു സുനിതയുടെ മറുപടി