ബ്രിട്ടനിലെ ലെസ്റ്ററിൽ 80 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ കുട്ടികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. തദ്ദേശിയരായ കുട്ടികള്‍ക്കുള്ള ശിക്ഷ മേയ് മാസത്തിൽ വിധിക്കുമെന്നും ലെസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷം ജഡ്ജി പറഞ്ഞു.
ആക്രമണം നടത്തിയ 14 വയസ്സുള്ള ആൺകുട്ടിയെയും ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസ്സുള്ള പെൺകുട്ടിയെയും ആണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾ പ്രായപൂർത്തി ആകാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയില്ലന്നും കോടതി പറഞ്ഞു. ആണ്‍കുട്ടിയെ കസ്റ്റഡിയില്‍ വിടുകയും പെണ്‍കുട്ടിയെ ഉപാധികളോടെ ജാമ്യത്തില്‍ വിടുകയും ചെയ്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെസ്റ്ററിലെ ബ്രൗൺസ്റ്റോൺ ടൗണിലെ വീടിന് തൊട്ടടുത്തുള്ള ഫ്രാങ്ക്‌ളിൻ പാർക്കിൽപാർക്കിൽ നായയ്‌ക്കൊപ്പം നടക്കുന്നതിനിടെയാണ് ഭീം കോലിക്ക് ആക്രമണമേറ്റത്. പ്രതികളും ഏതാനും സുഹൃത്തുക്കളും ഇദ്ദേഹത്തിന് അടുത്തേക്ക് എത്തി തങ്ങളെ വടി കൊണ്ട് തല്ലിയത് നിങ്ങളല്ലേ എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. 2024 സെപ്റ്റംബർ ഒന്നിന് വൈകുന്നേരമാണ് ആക്രമണം നടന്നത്. ആക്രമണത്തിനിടെ കഴുത്തിന് പരുക്കേല്‍ക്കുകയും അത് നട്ടെല്ലിനെ ബാധിക്കുകയും ചെയ്തിരുന്നു. മുട്ടുകുത്തി നിന്ന കോലിയെ ഷൂ ഉപയോഗിച്ച് അടിച്ചു. മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലുമുണ്ടായിരുന്നു. ആക്രമണത്തിനിടെ ഭീം കോലിക്ക് വംശീയ അധിക്ഷേപവും നേരിട്ടിരുന്നു.
സംഭവത്തെ തുടര്‍ന്ന് അഞ്ച് കുട്ടികളാണ് അറസ്റ്റിലായത്. പാര്‍ക്കിന്‍റെ പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് ഭീം സെൻ കോലിയും ഭാര്യ സതീന്ദർ കൗറും താമസിച്ചിരുന്നത്. തന്‍റെ നായയുമായി പാർക്കിൽ ഭീം സെൻ കോലി പതിവായി നടക്കാറുണ്ടായിരുന്നു. രണ്ട് മാസക്കാലമായി പാർക്കിൽ കുട്ടികളടങ്ങുന്ന കൗമാരക്കാരുടെ സംഘം ഏഷ്യൻ വംശജർക്ക് നേരെ ആക്രമണം നടത്താറുണ്ടെന്ന് അയൽവാസികൾ പറഞ്ഞിരുന്നു.