Image Credit; X
വിക്ടോറിയ ബെക്കാം, വെർസേസ് തുടങ്ങി വന്‍ ഫാഷൻ ബ്രാൻഡുകളുടെ മോഡലായ ലൂസി മാർക്കോവിച്ച് (27) അന്തരിച്ചു. ‘ഓസ്ട്രേലിയാസ് നെക്സ്റ്റ് ടോപ് മോഡൽ’ എന്ന ഷോയിൽ റണ്ണറപ്പായതോടെയാണ് ലൂസി മാർക്കോവിച്ച് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. നിരവധി രാജ്യാന്ത ഫാഷൻ മാഗസീനുകളുടെ കവർഗേളായി പലവട്ടം ലൂസി പ്രത്യക്ഷപ്പെട്ടു.
ലൂസിയുടെ കുടുംബമാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വിയോഗവാർത്ത അറിയിച്ചത്. മസ്തിഷ്കാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന എവിഎം എന്ന രോഗമായിരുന്നു ലൂസിക്കുണ്ടായിരുന്നത്. തനിക്ക് ആർട്ടീരിയോവെനസ് മാൽഫോർമേഷന്‍ എന്ന രോഗം ബാധിച്ചെന്നും, സര്‍ജറി ചെയ്യാതെ വേറെ മാര്‍ഗമില്ലെന്നും മൂന്നാഴ്ച മുൻപ് ലൂസി വെളിപ്പെടുത്തിയിരുന്നു.
നാല് വർഷമായി ഈ രോഗാവസ്ഥയിലൂടെ കടന്നു പോകുകയാണ്. ഇതിന്‍റെ ഭാഗമായി ചിലപ്പോഴൊക്കെ അപസ്മാരം ഉണ്ടായിട്ടുണ്ട്. – ലൂസി സമൂഹമാധ്യമത്തിലിട്ട കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. ആശുപത്രിയിൽ കിടക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അന്നത്തെ ലൂസിയുടെ പോസ്റ്റ്.