ഒടുവിലെ യാത്രയ്ക്കായി ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികദേഹം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിച്ചു. സാന്ത മരിയ ചാപ്പലില്‍ നിന്ന് വിലാപയാത്രയായിട്ടാണ് ഭൗതികദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിച്ചത്.
സാന്താമാര്‍ത്ത സ്ക്വയറും റോമന്‍ പ്രോട്ടേ മാര്‍ട്ടിയേഴ്സ് സ്ക്വയറും പിന്നിട്ട് മണികളുടെ കവാടത്തിലൂടെയാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് പാപ്പായുടെ ഭൗതികദേഹം എത്തിച്ചത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മധ്യവാതിലിലൂടെ വിലാപയാത്ര അകത്ത് പ്രവേശിച്ചു.
കാമര്‍ലെങ്തോ കര്‍ദിനാള്‍ കെവിന്‍ ഫാരലിന്‍റെ നേതൃത്വത്തിലുള്ള പ്രാര്‍ഥനാ ശുശ്രൂഷയ്ക്ക് ശേഷം പാപ്പയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഇന്ന് അര്‍ധരാത്രിവരെ പൊതുദര്‍ശനം നീളും. നാളെ രാവിലെ വത്തിക്കാന്‍സമയം ഏഴുമുതല്‍ അര്‍ധരാത്രിവരെ പൊതുദര്‍ശനം.വെള്ളിയാഴ്ച രാത്രി ഏഴുമണിവരെയായിരിക്കും പൊതുദര്‍ശനം. ഇതിനുശേഷം സ്വകാര്യ പ്രാര്‍ഥനാച്ചടങ്ങ്. സംസ്കാരം നടക്കുന്ന ശനിയാഴ്ച രാവിലെ കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, കര്‍ദിനാള്‍മാരും ആര്‍ച്ച് ബിഷപ്പുമാരും പാത്രിയര്‍ക്കീസുമാരും ബിഷപ്പുമാരും പങ്കാളികളാകും.
പിന്നീട് ഭൗതിദേഹം സംസ്കാരത്തിനായി സെന്‍റ് മേരി മേജോറിയിലേക്ക് കൊണ്ടുപോകും. അവിടെ സ്വകാര്യചടങ്ങായിരിക്കും. കര്‍ദിനാള്‍മാരുടെ സാന്നിധ്യത്തില്‍ പാപ്പായുടെ ജീവചരിത്രവും ഭരണകാലഘട്ടവും വായിക്കും. ഇത് പിന്നീട് ലോഹക്കുഴലില്‍ ആക്കി ശവമഞ്ചത്തില്‍ വയ്ക്കും. ഒപ്പം ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങളും വയ്ക്കും. പാപ്പായുടെ മുഖത്ത് തൂവെള്ള തൂവാലയിടുന്നതോടെ ഫ്രാന്‍സിസ് പാപ്പ ലോക ഇടവകസമൂഹത്തിന്റെ നെഞ്ചിലമരും.