സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൽ തട്ടി തകർന്ന മിസൈലിന്റെ ഭാഗങ്ങൾ.

രാജ്യാന്തര മര്യാദകളും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളും വകവെയ്ക്കാതെ യെമനിലെ ഹൂതി കലാപകാരികൾ വീണ്ടും സൗദി  നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും സായുധമായി ലക്ഷ്യംവയ്ക്കുന്നു. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത് ലക്ഷ്യമാക്കി യെമനിൽ നിന്ന്  തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനത്തിൽ തട്ടി തകർന്നു വീണതായി യെമനിൽ നിയമാനുസൃത  സർക്കാരിനെ പുനരവരോധിക്കാനുള്ള നീക്കങ്ങളിൽ പങ്കാളികളായ അറബ് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് തുർക്കി അൽമാലിക്കി വെളിപ്പെടുത്തി.

 

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. യെമനിലെ ഹൂതി കലാപകാരികളുടെ മിസൈലിന് യാതൊരു നാശനഷ്ടവും ഉണ്ടാക്കാൻ  സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച്ച ദക്ഷിണ സൗദിയിലെ മറ്റൊരു നഗരമായ ജിസാൻ പ്രദേശത്ത് നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൗദി സൈന്യം തകർത്തിരുന്നു. ജീസാനിലെ അൽഖൂബായ്ക്ക് നേരെയായിരുന്നു ഹൂതികളുടെ ആക്രമണ ശ്രമം. ഹൂതികളുടെ നീക്കം സൗദി സേന തകർത്തിരുന്നു. നിരവധി യെമനി കലാപകാരികളെ വധിക്കുകയും റോക്കറ്റുകൾ ഉൾപ്പെടെ വലിയ ആയുധ ശേഖരം പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. 

 

നവംബർ നാലിന് ഹൂതികൾ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി തലസ്ഥാനമായ റിയാദിൽ പതിച്ചത് വ്യാപക പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. ഹൂതികൾ ആയുധങ്ങൾ കൈവശം വെക്കുന്നത് മേഖലയിലെയും ലോകത്തിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അറബ് സഖ്യസേനാ വക്താവ് ചൂണ്ടിക്കാട്ടി. ജനവാസ കേന്ദ്രങ്ങൾക്ക് നേരെ പ്രയോഗിക്കാൻ വേണ്ടി യെമനിലേക്ക്   ആയുധം എത്തുന്നത് യുഎൻ പ്രമേയം 2216ന്റെ തികഞ്ഞ ലംഘനമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.