അബുദാബി . രാജ്യത്തെ ഭക്ഷ്യ സുരക്ഷ പര്യവേക്ഷണത്തിന് രാജ്യാന്തര പ്ലാറ്റ്‌ഫോം സ്ഥാപിക്കുമെന്ന് യുഎഇ ഭക്ഷ്യ സുരക്ഷാ സഹ മന്ത്രി മറിയം ബിൻത് മുഹമ്മദ് സഇൗദ് ഹാരിബ് അൽ മുഹൈരി. ഭക്ഷ്യ സുരക്ഷാ മേഖലയുടെ നവീകരണവും ക്രിയാത്മകതയും മെച്ചപ്പെടുത്താനുമുള്ള രീതികൾ രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കും. 

 

അബുദാബി എമിറേറ്റ്‌സ് പാലസിൽ ഖലീഫാ ഇന്റർനാഷണൽ അവാർഡ് ഫോർ ഡെയ്റ്റ് പാം ആൻഡ് അഗ്രികൾചറൽ ഇന്നൊവേഷൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

 

യുഎഇയിൽ ഉത്പാദിപ്പിക്കുന്ന എല്ലാ ഭക്ഷണവും സുരക്ഷിതമാണ്. യുഎഇ കാലാവസ്ഥയും പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന ഭക്ഷ്യ ഉൽപാദനത്തിനായി നൂതന സാങ്കേതികവിദ്യകളും തന്ത്രങ്ങളും ജനിതക സ്രോതസുകളും വികസിപ്പിക്കും. പ്രകൃതിയിൽ നിന്നുൽപാദിപ്പിക്കുന്ന ഈന്തപ്പഴം ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ യുഎഇയിലെയും മറ്റ് ലോക രാജ്യങ്ങളിലെയും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നു. 

 

ഭാവിയിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗവേഷണത്തിനും വികസനത്തിനുമായി പുതിയ തന്ത്രങ്ങൾ ഫലപ്രദവും സുസ്ഥിരവുമാക്കും. ബന്ധപ്പെട്ട സംഘടനകളുമായി രാജ്യാന്തര പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും മന്ത്രി മറിയം അൽ മുഹൈരി പറഞ്ഞു. 

 

പ്രാദേശിക, ദേശീയ, രാജ്യാന്തര തലങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൽക്കും നിയമങ്ങൾ, ദർശനങ്ങൾ, ലക്ഷ്യങ്ങൾ, മൂല്യങ്ങൾ എന്നിവയിലൂന്നിയാണ് വിസ്തൃത പങ്കാളിത്ത പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഭക്ഷണ ഉൽപാദന സംവിധാനങ്ങളുടെ എല്ലാ വെല്ലുവിളികളെയും കുറിച്ച് പൊതുവായുള്ള പ്രശ്‌നങ്ങൾ യുഎഇയിലെ പ്രകൃതി ഉത്പന്നമായ ഈന്തപ്പഴ കൃഷി ഉൾപ്പെടെയുള്ള എല്ലാ ഭക്ഷ്യ ഉത്പാദനത്തിന്റെയും കാര്യത്തിലും ഭാവിയിൽ ഉണ്ടാകും. 

 

യുഎഇയുടെ ഫലപ്രദമായ പങ്കാളിത്തം പ്രാദേശിക രാജ്യാന്തര തലങ്ങളിൽ പിന്തുണയ്ക്കാൻ മൂല്യങ്ങളും ആശയവിനിമയും പുതിയ ബയോടെക്‌നോളജി സെന്ററുകളുടെ പ്രത്യേക ഇൻഫ്രാസ്ട്രക്ചറും പരിസ്ഥിതിയും ഭക്ഷ്യ ഉത്പാദന മേഖലയിലെ നവീകരണവും സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.