goodfriday-t

ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറയും കുരിശു മരണത്തിൻറെയും ഓർമ പുതുക്കി ഗൾഫിലും വിശ്വാസികൾ ദുഖവെള്ളി ആചരിച്ചു. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രാർഥനകളും തിരുക്കർമങ്ങളുമായാണ് വിശ്വാസികൾ ദുഖവെള്ളി ആചരിച്ചത്.  

 

മനുഷ്യൻറെ പാപങ്ങൾ മോചിക്കാൻ ക്രിസ്തു ക്രൂശിലേറിയതിൻറെ ഓർമകളിൽ ഗൾഫിലും ക്രൈസ്ത വിശ്വാസികൾ ദുഖവെള്ളി ആചരിച്ചു. ദുബായ്, ഷാർജ, അബുദാബി, അൽഐൻ   എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ വിശ്വാസികളുടെ തിരക്കായിരുന്നു. പുലർച്ചെ നാലു മുതൽ ദേവാലയങ്ങളിൽ തിരുക്കർമങ്ങളുണ്ടായിരുന്നു. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആരാധനാ ക്രമങ്ങളനുസരിച്ചുള്ള ദുഖവെള്ളി ശുശ്രൂഷകൾ വിവിധ ദേവാലയങ്ങളിൽ നടന്നു. വിശ്വാസികൾ പ്രാർഥനയിലും ഉപവാസത്തിലുമാണ് ദിവസം മുഴുവൻ ചെലവഴിച്ചത്. കത്തോലിക്ക ദേവാലയങ്ങളിൽ യേശുവിൻറെ പീഡാസഹനത്തിൻറെ ഓർമപുതുക്കുന്ന കുരിശിൻറെ വഴി ശുശ്രൂഷകളും ഉണ്ടായിരുന്നു.20ഷാർജ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ നേതൃത്വം നൽകി.

 

ദുബായ് സെൻറ് മേരീസ് കത്തോലിക്കാ പള്ളി, ഷാർജ സെൻറ് മൈക്കിൾസ് പള്ളി, ഷാർജ സെൻറ് മേരീസ് യാക്കോബായ കത്തീഡ്രൽ, അബുദാബി  സെന്റ്‌  ജോർജ്  ഓർത്തഡോക്സ് പള്ളി, ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എന്നിവിടങ്ങളിലെ ശുശ്രൂഷകളിൽ ആയിരക്കണക്കിന് മലയാളികളാണ് പങ്കെടുത്തത്. ഒമാനിൽ മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ നടന്നു. സലാല, സോഹാർ എന്നിവിടങ്ങിലെ ദേവാലയങ്ങളിലും ദുഖവെള്ളി ശുശ്രൂഷകളുണ്ടായിരുന്നു.