TAGS

വലിയ ഒരു പരീക്ഷണത്തിലൂടെയാണ് ഒമാനും സലാലയും പോയവാരം കടന്നു പോയത്. മെകെനു ചുഴലിക്കാറ്റ് സലാല തീരത്ത് ഭീതി വിതച്ച് കടന്നു പോയി. ജനങ്ങളുടെയും അധികൃതരുടെയും കൈകോർത്തുള്ള ഇടപെടലും കരുതലുമാണ് ദുരന്തത്തിൻറെ വ്യാപ്തി കുറച്ചത്.

 

ഗൾഫിലെ സ്വർഗമാണ് സലാല. മഴയും മഞ്ഞും കടലും മലയുമെല്ലാം ഉള്ള സുന്ദര ഭൂമി. എന്ന പോയവാരം സലാലയ്ക്ക് സമ്മാനിച്ചത് ആശങ്കയുടെയും പേടിയുടെ മണിക്കൂറുകളായിരുന്നു. അറബിക്കടലിൽ നിന്ന് മണിക്കൂറിൽ ഇരുനൂറ് കിലോമീറ്റർ വേഗതയിൽ മെകെനു ചുഴലിക്കൊടുങ്കാറ്റ് സലാല തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു.

 

മെകെനു അപടകരമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതു മുതൽ ജാഗ്രതയിലായിരുന്നു സലാലയും ഒമാൻ ഭരണകൂടവും. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ദുർബലമായ കെട്ടിടങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കൃത്യമായ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു. കാലാവസ്ഥ മോശമായതോടെ സലാല വിമാനത്താവളം അടച്ചു.

 

വരാനിരിക്കുന്ന കാറ്റിൻറെ ഭീകരതയിലേക്ക് സൂചന നൽകിക്കൊണ്ട് വ്യാഴാഴ്ച മുതൽ സലാലയിലും അൽ വുസ്തയിലും മഴ തുടങ്ങി. വാദികൾ നിറഞ്ഞൊഴുകി. താഴ്നന പ്രദേശഹ്ങൾ വെള്ളത്തിനടിയിലായി. കടലിൽ കൂറ്റൻ തിരകൾ വീശിയടിച്ചുകൊണ്ടേയിരുന്നു. തീരത്തോട് അടുക്കും തോറും കാറ്റിൻറെ വേഗത വർധിച്ചു കൊണ്ടേയിരുന്നു. യെമനിലെ സർകോത്ര ദീപ് തച്ച് തകർത്ത് കൊടുങ്കാറ്റ് സലാല തീരത്തേക്ക് അടുത്തു.

 

സലാലയിലെ ജനങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു വെള്ളിയാഴ്ചത്തേത്. ജീവനും മരണത്തിനുമിടയിൽ ചുഴറ്റിയടിക്കുന്ന കൊടുങ്കാറ്റ്. കനത്ത മഴയുടെ അകന്പടിയോടെ അർധരാത്രി മെകെനു സലാല തീരത്തേക്ക് ആഞ്ഞു വീശി.

 

കൊടുങ്കാറ്റ് വിതച്ചു പോയ നാശത്തിൻറെ കാഴ്ചകളിലേക്കാണ് പിറ്റേന്ന് സലാല കണ്ണു തുറന്നത്. റോഡുകളും പാലങ്ങളും കാറ്റിലും മലവെള്ളപ്പാച്ചിലിലും തകർന്നു. മരങ്ങൾ കടപുഴകി വീണു. അക്ഷരാർഥത്തിൽ രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ നിന്ന് സലാല ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ശനിയാഴ്ച.

 

ആറു പേരെടുടെ ജീവനെടുത്താണ് മെകെനു സലാല തീരം വിട്ടത്. കണ്ണൂർ സ്വദേശിയെ ഒഴുക്കിൽ പെട്ട് കാണാതാവുകയും ചെയ്തു. അധികൃതരുടെ സമയോചിതമായ ഇടപെടലും ജാഗ്രതയുമാണ് മരണസംഖ്യ ആറിലേക്ക് കുറച്ചത്. കൊടുങ്കാറ്റ് തകർത്ത സലാലയെ തിരിച്ചു പിടിക്കുന്നതിന് സ്വദേശികളും വിദേശികളും കൈകോർക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു ലക്ഷത്തോളം മലയാളികൾ താമസിക്കുന്ന സലാലയിലെ മലയാളി സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി.

 

ഒമാൻറെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാറ്റിനും പേമാരിക്കുമാണ് സലാല സാക്ഷ്യം വഹിച്ചത്. എന്നാൽ കൃത്യമായ ജാഗ്രതയും കരുതലും കൊണ്ട് ആ ദുരന്തത്തെ അതിജീവിക്കാൻ ഗൾഫിലെ ഈ ദൈവത്തിൻറെ സ്വന്തം നാടിനായി.