തലക്കെട്ട് കണ്ട് ഞെട്ടേണ്ട. പ്രേതങ്ങളല്ല ഫാഷൻ ഷോയിൽ പങ്കെടുക്കുന്നത്.പക്ഷേ, ഷോ കണ്ട കാണികളുടെ പ്രതികരണം അങ്ങനെയാണ്. ഡിസൈൻ ചെയ്ത പുതുമയാർന്നവസ്ത്രങ്ങളുണ്ട്. എന്നാൽ, മോഡലുകളായി ആരുമില്ല. പകരം, വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ അന്തരീക്ഷത്തിലൂടെ ഡ്രോണിന്റെ സഹായത്തോടെ റാംപിൽ പറന്നുനടക്കും. ഫാഷൻ ഷോകൾക്ക് കർശന നിയന്ത്രണങ്ങളുള്ള സൗദിയിലാണ് ഡ്രോണിന്റെ സഹായത്തോടെ ഷോ നടത്തിയത്.

 

ഫാഷൻ ഷോയുടെ വീഡിയോ വൈറലായതോടെ ട്വീറ്റർ ഉപയോക്താക്കളാണ് ഗോസ്റ്റ് ഫാഷൻ ഷോ എന്ന് പേരിട്ടത്. ഒരു ഹൊറർസിനിമ കാണുന്ന പ്രതീതിയാണ് വസ്ത്രങ്ങൾ അന്തരീക്ഷത്തിലൂടെ നടന്നടുക്കുന്നത് കാണുമ്പോൾ എന്നാണ് ട്വിറ്ററിലെ പ്രതികരണങ്ങൾ. ജിദ്ദയിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ഫാഷൻ ഷോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

 

അതേസമയം, റമസാൻ മാസമായതിനാലാണ് ഇത്തരമൊരു ഫാഷൻ ഷോ സംഘടിപ്പിച്ചതെന്നാണ് ഷോയുടെ നടത്തിപ്പുകാരനായ അലി നബീൽ അക്ബറിന്ർറെ പ്രതികരണം. ഇത് ആദ്യമായല്ല ഡ്രോണിനെ ഫാഷൻ ഷോയിൽ ഉപയോഗിക്കുന്നത്.  മിലൻ ഫാഷൻ വീക്കിൽ ഡ്രോൺ ഉപയോഗിച്ച് ഹാൻഡ് ബാഗുകളെ പരിചയപ്പെടുത്തിയിരുന്നു.

 

ഫാഷൻ ഷോയ്ക്ക് നിയന്ത്രണങ്ങളുള്ള സൌദിയിൽ കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി ഫാഷൻ ഷോ നടന്നത്. അറബ് ഫാഷൻ കൌൺസിലിന്റെ നേതൃത്വത്തിൽ റിയാദിൽ സംഘടിപ്പിച്ച ഷോയിൽ ജീൻ പോൾ അടക്കമുള്ള പ്രശസ്ത ഡിസൈനർമാർ പങ്കെടുത്തിരുന്നു.