കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ വിമാനടിക്കറ്റ് നിരക്കിൽ വൻ വർധന. പല വിമാനങ്ങളിലും ലോവർ ക്ളാസ് ടിക്കറ്റുകൾ കിട്ടാനില്ല. ഓണവും ബലിപെരുന്നാളും ആഘോഷിക്കാനൊരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടിയാണ് വിലവർധന. 

 

ഒൻപത് ദിവസത്തെ ബലിപെരുന്നാൾ അവധി നാട്ടിൽ പോയി ആഘോഷിക്കാമെന്നു കരുതിയാൽ പോക്കറ്റ് കാലിയാകുന്ന അവസ്ഥയിലാണ് കുവൈത്തിലെ പ്രവാസി മലയാളികൾ. 19മുതൽ 23വരെയാണ് പെരുന്നാൾ പൊതു അവധി. അവധിതുടങ്ങുന്ന ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസിന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 100 ദിനാറിൽ കൂടുതലാണ്. മറ്റുവിമാനങ്ങളിലാണെങ്കിൽ ലോവർ ക്ലാസ് ടിക്കറ്റ് ലഭിക്കാനുമില്ല. മറ്റ് ടിക്കറ്റുകൾക്കാകട്ടെ സാധാരണയേക്കാൾ മൂന്നും നാലും ഇരട്ടിയാണ് നിരക്ക്. 

 

ഇക്കോണമിയിലെ ലോവർ ക്ലാസ് ടിക്കറ്റ് സീസൺ സമയങ്ങളിൽ കിട്ടാക്കനിയായതായാണ് പ്രവാസികളുടെ പരാതി. കുവൈത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് ശരാശരി പതിനായിരം രൂപയായിരുന്നുവെങ്കിൽ അവധിക്കാലത്തെ നിരക്ക് ഇരുപതിനായിരത്തിനും മുകളിലാണ്. ടിക്കറ്റ് നിരക്ക് ഇനിയും വർധിക്കുമെന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്.