ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്കു ജോലിയിൽനിന്നു വിരമിച്ച ശേഷവും യുഎഇയിൽ താമസിക്കാൻ അനുമതി. അടുത്തവർഷം ഇതു പ്രാബല്യത്തിൽ വരും. 55 വയസ്സ് കഴിഞ്ഞവർക്ക് അഞ്ചുവർഷത്തേക്ക് പ്രത്യേക താമസവീസ അനുവദിക്കാനാണ് തീരുമാനം. ഉപാധികളോടെ ഇതു പുതുക്കാനും സാധിക്കും.

നിക്ഷേപത്തിന് 20 ലക്ഷം ദിർഹമോ പത്തുലക്ഷം ദിർഹത്തിൽ കുറയാത്ത സമ്പാദ്യമോ പ്രതിമാസം 20,000 ദിർഹത്തിൽ കുറയാത്ത ശമ്പളമോ ഉണ്ടായിരിക്കണം. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനം. ഇതു സംബന്ധിച്ചു കൂടുതൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.