2019 ഖത്തർ, ഇന്ത്യ സാംസ്കാരിക വർഷമായി ഖത്തർ മ്യൂസിയംസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രദർശനങ്ങൾ, ഉൽസവങ്ങൾ, മൽസരങ്ങൾ തുടങ്ങി ഒട്ടേറെ പരിപാടികൾ സാംസ്കാരിക വർഷത്തിന്റെ ഭാഗമാകും. ഡൽഹിയിലും ദോഹയിലും സാംസ്കാരികപരിപാടികൾ സംഘടിപ്പിക്കും. 

ഇരു രാജ്യങ്ങളുടെയും സംസ്കാരങ്ങൾ തമ്മിലുള്ള സാമ്യങ്ങളിലേക്കും വ്യത്യാസങ്ങളിലേക്കും മിഴി തുറക്കുന്നതായിരിക്കും ഖത്തർ, ഇന്ത്യ സാംസ്കാരിക വർഷമെന്ന് ഖത്തർ മ്യൂസിയംസ് ആക്റ്റിങ് സിഇഒ അഹമ്മദ് അൽ നമ്‌ല പറഞ്ഞു. ജനങ്ങളുടെ വിപുലമായ പങ്കാളിത്തത്തോടെയായിരിക്കും സാംസ്കാരികവർഷാചരണം. കല, സംഗീതം, കായികം, പൈതൃകം എന്നിവയിലെല്ലാമുള്ള സാംസ്കാരിക സമന്വയത്തിന്റെ ആഘോഷമാകും ആചരണം. ദോഹ രാജ്യാന്തര പുസ്തക മേളയിൽ ഈ വർഷത്തെ അതിഥി രാജ്യം ഇന്ത്യയാണ്. 

ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രസാധകർ മേളയുടെ ഭാഗമാകും. ഇന്ത്യൻ കലാരൂപങ്ങൾ, സംഗീതം, സിനിമ, നാടകം എന്നിവയെ ഉൾപ്പെടുത്തി ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ’ പരിപാടിയും ദോഹയിൽ സംഘടിപ്പിക്കും. ദേവനാഗരി ലിപിയിൽ ഇംഗ്ലീഷിൽ ഇന്ത്യയെന്നും അറബിക്കിൽ ഖത്തറെന്നും രേഖപ്പെടുത്തിയ ലോഗോ സാംസ്കാരികവർഷത്തിൻറെ ഭാഗമായി അവതരിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ പങ്കാളിത്തത്തോടെയായിരിക്കും ഖത്തറിലെ ആഘോഷപരിപാടികളെന്നു ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി. കുമരൻ വ്യക്തമാക്കി.