ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യം. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണത്തെ നറുക്കെടുപ്പിൽ വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കിയത്. നറുക്കെടുപ്പിൽ അഭിഷേക് കത്തേൽ എന്നയാൾക്ക് ഒരു മില്യൺ യുഎസ് ഡോളറാണ് ( ഏതാണ്ട് ഏഴു കോടിയിൽ അധികം രൂപ) സമ്മാനം ലഭിച്ചത്. ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ലീപിക അലുവാലിയയ്ക്ക് ഔഡി കാറും 14 വയസ്സുള്ള ഫർഹാൻ ജാവേദ് ഖാന് ബിഎംഡബ്യു ബൈക്കുമാണ് സമ്മാനം. 

 

 

അഭിഷേക് എടുത്ത 292 സീരിസിലെ 2582 എന്ന ടിക്കറ്റാണ് ഒരു മില്യൺ യുഎസ് ഡോളർ അദ്ദേഹത്തിന് എത്തിച്ചത്. ഷാർജയിൽ താമസിക്കുന്ന ഇദ്ദേഹം യുഎഇ ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനിയിലെ കാബിൻ ക്രൂ ആണ്. ‘ഈ സന്തോഷ വാർത്തയ്ക്ക് ദൈവത്തിന് നന്ദി. ജീവിതത്തിൽ ആദ്യമായി എടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് ഇങ്ങനെ ഒരു ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി’– അഭിഷേക് പറഞ്ഞു.

 

27 വയസ്സുള്ള ലീപികയ്ക്ക് ഔഡിയുടെ ആർ8 ആർഡബ്യുഎസ് വി10 കൂപ്പ കാർ ആണ് സമ്മാനം ലഭിച്ചത്. 1708 സീരീസിലെ 0380 എന്ന നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. വിവാഹം കഴിഞ്ഞ ശേഷം രണ്ടുമാസം മുൻപാണ് ഇവർ ഭർത്താവിനൊപ്പം ദുബായിൽ എത്തിയത്. അസൈർബൈജാനിലേക്ക് ഹണിമൂണിന് പോകുമ്പോഴാണ് ഇവർ ടിക്കറ്റ് എടുത്തത്. ‘ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട്. എന്റെ ഭർത്താവ് പുതിയൊരു കാർ വാങ്ങാൻ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു സമ്മാനം ലഭിച്ചത്’– ലീപിക പ്രതികരിച്ചു. 

 

 

റാഞ്ചിയിൽ നിന്നുള്ള ഫർഹാൻ ജാവേദ് ഖാൻ എന്ന പതിനാലുകാരൻ ആണ് ബിഎംഡബ്യു ആർ 1200 ജിഎസ് റാലി എഡിഷൻ ബൈക്ക് സ്വന്തമാക്കിയത്. 356 സീരീസിലെ 0323 എന്ന നമ്പറാണ് ഭാഗ്യവുമായി എത്തിയത്. 24 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം പിതാവ് മുഹമ്മദ് ജാവേദ് ഇന്ത്യയിലേക്ക് മടങ്ങുമ്പോഴാണ് മകന്റെ പേരിൽ ടിക്കറ്റ് എടുത്തത്. അതിൽ സമ്മാനവും ലഭിച്ചു. മുഹമ്മദ് ജാവേദിന് മുൻപും ദുബായ് ഡ്യൂട്ടി ഫ്രീയുടെ സമ്മാനം ലഭിച്ചിരുന്നു. 2008ൽ പോർഷെ കാർ ആണ് ഇദ്ദേഹത്തിന് നറുക്കെടുപ്പിൽ ലഭിച്ചത്.

 

 

കഴിഞ്ഞ ദിവസം നടന്ന ഇതേ നറുക്കെടുപ്പിൽ ബ്രിട്ടിഷ് പൗരനായ എച്ച്. നീലും ഒരു മില്യൺ യുഎസ് ഡോളർ നേടിയിരുന്നു. 12 വർഷമായി ദുബായിൽ ഒരു ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം. 2019 വർഷത്തിന് മികച്ച തുടക്കം നൽകിയ ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നീൽ നന്ദി അറിയിച്ചു.