സൗദി കുടുംബം ടാക്സി കാറിൽ ഉറങ്ങിയ കുട്ടിയെ മറന്നു. മക്കയിലാണ് സംഭവം. ഉംറ നിർവഹിച്ച ശേഷം ഹറം പരിസരത്ത് നിന്ന് അസീസിയയിലെ താമസ സ്ഥലത്തേയ്ക്ക് പോകാൻ വിളിച്ച ടാക്സിയിലാണ് കുട്ടിയെ മറന്നത്. യാത്രയ്ക്കിടയിൽ പിൻസീറ്റിലിരുന്ന് ഉറങ്ങിപ്പോയ മൂന്നു വയസ്സായ പെൺകുട്ടിയെ മറന്ന് ഇറങ്ങുകയായിരുന്നു. ലക്ഷ്യസ്ഥാനത്തിറങ്ങി ടാക്സിയെ വിട്ട ഉടനെ ഓർമ വന്നെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചെക്ക് പോയിന്റുകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്ക് ശേഷം മദീന റോഡിൽ വച്ചാണ് ടാക്സിക്കാരനെ പിടികിട്ടിയത്. കുട്ടിയെ ഈ സ്ഥിതിയിൽ കണ്ടുപിടിക്കപ്പെട്ടപ്പോൾ വിദേശിയായ ടാക്സി ഡ്രൈവർ ഇതൊന്നുമറിയാതെ അൽഭുതപ്പെടുകയായിരുന്നു. ഒടുക്കം കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ചു.