കേരളത്തോടൊപ്പം പെരുന്നാളാഘോഷിച്ച് ഒമാനിലെ പ്രവാസിമലയാളികൾ. വിവിധ പള്ളികളിലും ഈദ് ഗാഹുകളിലുമായി പ്രത്യേക പ്രാർഥനകളും ഈദ് നമസ്കാരവും സംഘടിപ്പിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെല്ലാം ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ.

 

ഇരുപത്തിയൊൻപതു നോമ്പു പൂർത്തിയാക്കി ശവ്വാൽ മാസപ്പിറ കണ്ടാണ് ഒമാൻ പെരുന്നാളാഘോഷിച്ചത്. മസ്കറ്റ്, സലാല, സോഹാർ, നിസ്വാ എന്നിവിടങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഈദ്ഗാഹിൽ ആയിരകണക്കിന് മലയാളിവിശ്വാസികൾ പങ്കെടുത്തു.

 

നിപ വൈറസ് ബാധയും ഇന്ത്യയിലെ സാമൂഹികപ്രശ്നങ്ങളും പെരുന്നാൾ സന്ദേശത്തിലെ വിഷയങ്ങളായി. എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ചു കേരളം ഒറ്റകെട്ടായി നിപയെ നേരിടണമെന്ന് മതപ്രഭാഷകനായ സി.ടി.സുഹൈബ് വളാഞ്ചേരി പറഞ്ഞു.

 

പെരുന്നാൾ  നമസ്കാരത്തിനു ശേഷം വിശ്വാസികൾ ആശംസകൾ കൈമാറി. അതേസമയം, വിമാന ടിക്കറ്റു നിരക്കു വർദ്ധന കാരണം നിരവധി പ്രവാസികളാണ് നാട്ടിലേക്കുള്ള പെരുന്നാൾ യാത്ര ഒഴിവാക്കിയത്.