ഒമാനിൽ കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. വെള്ളപ്പൊക്കത്തെതുടർന്ന് വീടുകളിൽ കുടുങ്ങിയ പതിനെട്ടു പേരെ രക്ഷപെടുത്തി. വരുംമണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

സമീപകാലത്തൊന്നും ലഭിച്ചിട്ടില്ലാത്ത പെരുമഴയാണ് ഒമാനിൽ പെയ്തുതിമിർക്കുന്നത്.  മസ്കത്തിനുപുറമെ മുസന്ദം, ബാത്തിന, ദാഖിലിയ, തെക്കൻ ശർഖിയ, ഹജർ പർവതനിരകൾ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു. കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു വാദികളിലകപ്പെട്ട വാഹനങ്ങൾ കരയ്ക്കെത്തിച്ച സിവിൽ ഡിഫൻസ്,  വീടുകളിലടക്കം കുടുങ്ങിയ 18 പേരെ രക്ഷപെടുത്തി.

സുരക്ഷാ വിഭാഗത്തിൻറെ മുന്നറിയിപ്പ് നിർദേശം ജനങ്ങൾക്കു ഉപകാരപ്രദമായി.  നിരവധി താഴ്ന്ന പ്രദേശങ്ങൾ  വെള്ളത്തിനടിയിലായി.ഏതെങ്കിലും മേഖലയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കാൻ വ്യോമനിരീക്ഷണവും നടത്തുന്നുണ്ട്. ഒമാന്റെ തലസ്ഥാനമായ മസ്‌കത്തിൽ മാത്രം 42.8 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

വടക്കൻ ബാതിന ഗവർണറേറ്റിലെ സഹം, സൊഹാർ, ഫലജ് എന്നിവിടങ്ങളിലും  മഴക്കെടുതി വ്യാപകമാണ്. താപനില താഴ്ന്നതിനെ തുടർന്ന് കടുത്ത തണുപ്പും ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്. റോഡിൽ അതീവജാഗ്രത പാലിക്കണമെന്നും താഴ്ന്നപ്രദേശങ്ങളിലും കടൽത്തീരങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.