റോഡിൽ വീണ് കിടന്ന കോണ്‍ക്രീറ്റ് കട്ടകൾ എടുത്തുമാറ്റിയ ഡെലിവറി ബോയിയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഡെലിവറി ബോയി കോണ്‍ക്രീറ്റ് കട്ടകൾ നീക്കുന്നതിന്‍റെ ദൃശ്യങ്ങൾ ആളാരാണെന്ന് കണ്ടെത്താമോയെന്ന് ചോദിച്ച് ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
ദുബായ് അൽ ഖ്വാസിലെ തിരക്കുപിടിച്ച ജംങ്കഷനിലെ ഈ ദൃശ്യങ്ങൾ ഇന്നലെ വൈകിട്ടോടെയാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ""ദുബായിൽ അഭിനന്ദം അർഹിക്കുന്ന ഒരു പ്രവൃത്തി. ആർക്കെങ്കിലും ആളാരാണെന്ന് കണ്ടെത്താൻ കഴിയുമോയെന്ന്"" ചോദിച്ചായിരുന്നു ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ വൈറലായി 20 മിനിറ്റിനകം ഷെയ്ഖ് മുഹമ്മദ് തന്നെ ആളെ തിരിച്ചറിഞ്ഞവിവിരം പങ്കുവച്ചു. പാക്കിസ്ഥാനിയായ അബ്ദുൽ ഗഫൂർ.
നല്ല പ്രവൃത്തിയ്ക്ക് നന്ദി അറിയിച്ച ഷെയ്ഖ് ഹംദാൻ വൈകാതെ കാണാമെന്നും കുറിച്ചാണ് അബ്ദുൽ ഗഫൂറിന്‍റെ ഫോട്ടോസഹിതം വിവരങ്ങൾ പങ്കുവച്ചത്. ഇതിനുപിന്നാലെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. കിരീടാവകാശി നേരിട്ട് വിളിച്ച് സംസാരിച്ചത് ഇപ്പോഴും വിശ്വാസിക്കാനായിട്ടില്ല അബ്ദുൽ ഖഫൂറിന്. ദുബായ് പൊലീസ് വിളിച്ച് ഷെയ്ഖ് മുഹമ്മദിന് സംസാരിക്കണമെന്ന് പറയുകയായിരുന്നെന്ന് അബ്ദുൽ ഗഫൂർ മാധ്യമങ്ങളോട് പറഞ്ഞു. അഭിനന്ദിച്ചതിനൊപ്പം നേരിട്ട് കാണാമെന്ന് ഷെയ്ഖ് ഹംദാൻ ഉറപ്പുനൽകിയതിന്‍റെ സന്തോഷത്തിലാണ് ഗഫൂർ.
ഇപ്പോൾ രാജ്യത്തിന് പുറത്താണെന്നും മടങ്ങിയെത്തിയാൽ ഉടൻ നേരിട്ടുകാണാമെന്നുമാണ് പറഞ്ഞത്. തന്നെ പോലെ ഒരു സാധാരണക്കാരനെ അദ്ദേഹം നേരിട്ട് വിളിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം മികച്ച നേതാവാണെന്നും ഗഫൂർ പറഞ്ഞു. ഗഫൂറിന്‍റെ സൽപ്രവൃത്തിയെ അഭിനന്ദിച്ച് ജോലി ചെയ്യുന്ന കമ്പനി നാട്ടിൽ പോയി കുടുംബത്തെ കാണാൻ ടിക്കറ്റെടുത്ത് നൽകിയെങ്കിലും ഇനി ഷെയ്ഖ് ഹംദാനെ നേരിൽ കാണാതെ എങ്ങോട്ടുമില്ലെന്ന തീരുമാനത്തിലാണ് അബ്ഗുൽ ഗഫൂർ