ലോകവേദിയിൽ കൗതുകമാകുകയാണ് സൗദിയിലെ നിയോം നഗരത്തിന്റെ വിശേഷങ്ങൾ. ഈ മെഗാപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ദ് ലൈൻ എന്നു പേരിട്ടിരിക്കുന്ന ‘സ്മാർട് നഗരം’ പേരു സൂചിപ്പിക്കും പോലെ നേർരേഖയിലുള്ള ഒരു കെട്ടിടഘടനയാണ്. സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് താബൂക്ക് പ്രവിശ്യയിൽ ചെങ്കടലിനു സമീപമാണ് നിയോം. ഈജിപ്ത്, ജോർദാൻ അതിർത്തികൾ ഇതിനു സമീപമാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഈ സ്വപ്ന പദ്ധതിയുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. 2030 ൽ 15 ലക്ഷം പേർക്കുള്ള താമസസൗകര്യം യാഥാർഥ്യമായേക്കും.
വാണിജ്യ തലസ്ഥാനം:
നേർരേഖയിൽ പോകുന്ന കെട്ടിടങ്ങളെ പൊതിഞ്ഞ് വൻമതിൽ പോലുള്ള കണ്ണാടികൾ. 170 കിലോമീറ്റർ നീളവും 200 മീറ്റർ വീതിയും 500 മീറ്റർ ഉയരവുമുള്ളതാണ് ഈ ഘടന. ലൈനിൽ നിന്ന് ലോകത്തെ ഏതു വൻനഗരത്തിലേക്കും പരമാവധി 6 മണിക്കൂറിൽ വിമാനമാർഗം എത്താം. ഭാവിയിൽ ലോകത്തിന്റെ വാണിജ്യ തലസ്ഥാനമായി ലൈൻ മാറാൻ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ.
ഭാവി നഗരം:
നഗരത്തിൽ വാഹനങ്ങളും ദേശീയപാതകളുമില്ല. പൂർണമായി കാർബൺ രഹിതം. ലൈനിന്റെ ഒരറ്റത്തു നിന്നു മറ്റേയറ്റത്തേക്ക് 20 മിനിറ്റിൽ സഞ്ചരിക്കാൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ട്രെയിനുണ്ട്. പുനരുപയോഗിക്കാവുന്ന ഊർജമാണ് ഇതുപയോഗിക്കുക. ഓഫിസ് സമുച്ചയങ്ങൾ ഉണ്ടാകുമെങ്കിലും ഫാക്ടറികളും മറ്റുമുണ്ടാകില്ല. 3 തട്ടുകളായാണ് നഗരം. പാർപ്പിടം, ഓഫിസുകൾ, സ്കൂളുകൾ, വിനോദ കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ ഓരോ തട്ടുകളിൽ ഉൾപ്പെടും. എല്ലാ തട്ടുകളിലും കൃഷിയുണ്ടാകും. 90 ലക്ഷം പേർക്ക് താമസിക്കാം.