ദുബായ്: സ്വകാര്യസന്ദർശനത്തിന്റെ ഭാഗമായി അബുദാബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ ജോലി ചെയ്യുന്ന മകൻ വിവേക് കിരണിനെ സന്ദർശിച്ചു. മന്ത്രിസഭാ യോഗത്തിലും ഓൺലൈനായി പങ്കെടുത്തു. ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടൻ മമ്മുട്ടിയെയും മുഖ്യമന്ത്രി കണ്ടു. ഇന്നു രാത്രി 9.30 നുള്ള എമിറേറ്റ്സ് വിമാനത്തിൽ കേരളത്തിലേക്കു തിരിക്കുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചയോടെ നാട്ടിൽ എത്തും.

 

ബുധനാഴ്ച രാവിലെ 6.30ന് ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു പ്രതിനിധി എത്തിയിരുന്നു. എമിറേറ്റ്സ് വിമാനത്തിൽ ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. വിഐപി വാതിലിലൂടെ പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ ഹോട്ടലിൽ എത്തിക്കാൻ മലയാളി സ്ഥാപനത്തിന്റെ വാഹനം എത്തിയിരുന്നു. 

 

യൂറോപ്യൻ സന്ദർശനത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തിയത്. യുഎഇയിൽ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയും സംഘവും ഒക്ടോബർ ഒന്നുമുതൽ ഫിൻലൻഡ്, നോർവേ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാൽ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നു ഫിൻലൻഡ് ഒഴിവാക്കി മറ്റു രാജ്യങ്ങളാണു സന്ദർശിച്ചത്.

 

CM Pinarayi Vijayan meets son Vivek Kiran in Abu Dhabi