flight

അബുദാബി: കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റിന് ഇരട്ടി നിരക്ക്. യുഎഇയിൽനിന്ന് കേരളത്തിലെത്താൻ ശരാശരി 6000 രൂപയും. തിരിച്ച് യുഎഇയിലേക്കു വരണമെങ്കിൽ കുറഞ്ഞത് 13,900 രൂപ നൽകണം. 2 എയർലൈനുകളിൽ ഒഴികെ 14000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്.

 

നാളെ കൊച്ചി– ദുബായ് യാത്രയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങളിൽ കുറഞ്ഞ നിരക്ക് 13,900 രൂപയാണ്. ഇൻഡിഗോ 14,900, എയർ അറേബ്യ 15,500, എമിറേറ്റ്സ് എയർലൈൻ 16,900 എന്നിങ്ങനെയാണ് വൺവേ നിരക്ക്. നാലംഗ കുടുംബത്തിന് യാത്ര ചെയ്യാൻ ഇതു യഥാക്രമം 53,900, 61800, 60,600, 63,000, 68500 രൂപ എന്നിങ്ങനെയും.

 

ഓഫ് പീക്കിലും തിരക്ക്

 

യുഎഇ  പ്രഖ്യാപിച്ച വീസ നിയമത്തിലെയും കോവിഡ് നിയന്ത്രണങ്ങളിലെയും ഇളവാണ് ഓഫ് പീക്ക് സമയത്തെ തിരക്കിനും വിമാന ടിക്കറ്റ് വർധനയ്ക്കും കാരണമെന്ന് ട്രാവൽ വിദഗ്ധർ പറയുന്നു. വിനോദ സഞ്ചാരം, ബിസിനസ്, ജോലി അന്വേഷണം, സ്വയം തൊഴിൽ, വിദേശ പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി മറ്റു രാജ്യങ്ങളിലേക്കു പോകുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

 

യുഎഇ വീസ നടപടിക്രമങ്ങൾ ലളിതമാക്കിയതും നിക്ഷേപകർക്കും കലാകാരന്മാർക്കും വിദഗ്ധർക്കും മികച്ച വിദ്യാർഥികൾക്കുമെല്ലാം പ്രത്യേക ദീർഘകാല വീസ നൽകുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി.കൂടാതെ കുറഞ്ഞ ചെലവിൽ ഹോട്ടൽ താമസം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം, കുറഞ്ഞ ദൂരം എന്നിവയും ആകർഷണം.

 

കോവിഡ് മൂലം കഴിഞ്ഞ 2 വർഷം മാറിനിന്ന കുടുംബങ്ങളും തിരിച്ചെത്തി തുടങ്ങിയതും തിരക്കു കൂട്ടി.മികച്ച നിക്ഷേപാവസരം, പങ്കാളിത്ത ബിസിനസ്, ഔദ്യോഗിക നൂലാമാലകൾ കുറവ് തുടങ്ങിയ ഘടകങ്ങൾ നിക്ഷേപകരെ ആകർഷിക്കുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള അനുകൂല കാലാവസ്ഥ കൂടുതൽ സഞ്ചാരികളെ യുഎഇയിൽ എത്തിക്കുന്നുണ്ട്. 

 

തിരക്കനുസരിച്ച് സർവീസുകളില്ല 

 

തിരക്കിന് ആനുപാതികമായി വിമാന സർവീസ് കൂടാത്തതും നിരക്ക് കൂടാൻ കാരണമായെന്ന് ട്രാവൽ വിദഗ്ധർ പറയുന്നു. നിറയെ യാത്രക്കാരുള്ള സെക്ടറിൽ നിരക്കു കുറയ്ക്കേണ്ട ആവശ്യമില്ലെന്ന് എയർലൈനുകളും സൂചിപ്പിച്ചു.

 

Ticket to the UAE is double the fare