KolkkaliSanghamUAE

പ്രവാസി മലയാളി കലാകാരന്മാരെ ആദരിച്ച് യുഎഇ സ്വദേശികളുടെ സാംസ്കാരിക മജ്‍ലിസ്. ദുബായിലെ എടരിക്കോട് കോൽക്കളി സംഘത്തിലെ കലാകാരന്‍മാരെയാണ് ബിൻ ഷമ്മ കൾച്ചറൽ ആൻഡ് സോഷ്യൽ കൗൺസിൽ ദേര കൾച്ചറൽ സെന്റർ ആദരിച്ചത്. കൾച്ചറൽ സെന്റർ മേധാവി ഒമർ ഘോബെഷിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. കേരളത്തിന്റെ നാടൻ കലാരൂപമായ കോൽക്കളി തനത് രൂപത്തിൽ പരിചയപ്പെടുത്തുകയും അതിനെ സജീവമാക്കി നിലനിർത്തുകയും ചെയ്തതിനാണ് ആദരം. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു കലാസംഘത്തെ ബിൻ ഷമ്മ കൾച്ചറൽ ആൻഡ് സോഷ്യൽ കൗൺസിൽ ആദരിക്കുന്നത്. കേരള സംസ്ഥാന സ്കൂൾ യുവജനോൽവത്തിൽ 18 തവണ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയവര്‍ കൂടിയാണ് എടരിക്കോട്ടേ കലാകാരന്‍മാര്‍.‌

KolkkaliSanghamuae01

 

ചടങ്ങില്‍ മാധ്യമപ്രവർത്തകൻ ഇസ്മായിൽ മേലടി കോൽക്കളിയുടെ ചരിത്രം അറബിയിൽ പരിചയപ്പെടുത്തുകയും സംഘം കോൽക്കളി അവതരിപ്പിക്കുകയും ചെയ്തു. എമാറാത്തി കവി ഡോ. അബ്ദുള്ള ബിൻ ഷമ്മ അധ്യക്ഷത വഹിച്ചു. ഉമർ ഘോബെഷ്, എ.കെ. ഫൈസൽ, അസീസ് മണമ്മൽ, ഷബീബ് എടരിക്കോട് തുടങ്ങിയവർ സംസാരിച്ചു.

 

കഴിഞ്ഞ 15 വർഷത്തിൽ അധികമായി എടരിക്കോട് കലാകാരന്മാർ മാപ്പിള കലകളിൽ യുഎഇയിൽ സജീവമാണ്. ഇതിനകം തന്നെ 200ലധികം വേദികളിൽ കോൽക്കളിക്ക് പുറമേ ആൺകുട്ടികളുടെ ഒപ്പന, ദഫ്മുട്ട് എന്നിവയും സംഘം അവതരിപ്പിച്ച് വരുന്നു. ദുബായിൽ നടന്ന വേൾഡ് എക്സ്പോയിലും രണ്ട് തവണ സംഘം കോൽക്കളി അവതരിപ്പിച്ചിട്ടുണ്ട്.

 

Cultural majlis of UAE natives honors malayali Kolkali artists