ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിക്ക് അംഗീകാരം. 1800 കോടി ദിർഹം ചെലവിൽ നടപ്പാക്കുന്ന ബ്ലൂ ലൈൻ ദുബായിലെ ഏറ്റവും വലിയ പൊതു ഗതാഗത പദ്ധതിയാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് മെട്രോയുടെ ബ്ലു ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയത്. 1800 കോടി ദിർഹം ചെലവിൽ 30 കിലോമീറ്റർ നീളത്തിലാണ് ബ്ലൂ ലൈൻ പദ്ധതി വരുന്നത്. നിലവിലുളള റെഡ് ഗ്രീൻ ലൈനുകളുമായി ബ്ലൂ ലൈനിനെ ബന്ധിപ്പിക്കും.
ദുബായ് ക്രീക്ക് ഹാർബർ, ഇന്റർനാഷനൽ സിറ്റി , ഗ്ലോബൽ വില്ലേജ്, റാഷിദിയ, മിർദിഫ്, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങി ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നുപോകുന്ന പാതയിൽ 14 സ്റ്റേഷനുകളുണ്ടാകും. 30 കിലോമീറ്ററിൽ പതിനഞ്ചര കിലോമീറ്റർ പാത ഭൂമിക്കടിയിലൂടെ ആയിരിക്കും. ഭൂരിഭാഗം സ്റ്റേഷനുകളും ഭൂമിക്കടിയിലായിരിക്കും. പ്രതിദിനം 320000 പേർക്ക് ബ്ലൂ ലൈനിലൂടെ യാത്ര ചെയ്യാനാകും.
പാതയുടെ നിർമാണത്തിനായുളള ടെന്റർ നടപടികൾ ഈ വർഷം പൂർത്തിയാക്കും. 2028 ൽ പരീക്ഷണ ഓട്ടം തുടങ്ങി 2029 ൽ പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. പുതിയ പാതയുടെ പണി കഴിയുന്നതോടെ ദുബായിലെ ആകെ റയിൽപാതയുടെ നീളം 131 കിലോമീറ്ററായി ഉയരും. 2040 അർബൻ പദ്ധതിയുടെ ഭാഗമാണ് ബ്ലൂ ലൈൻ.
Sheikh Mohammed approves Dubai Metro Blue Line project