ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്കായി തിരച്ചില്‍ തുടരുന്നു. അസര്‍ബൈജാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ജോല്‍ഫയിലെ മലനിരകളിലാണ് ഹെലികോപ്്റ്റര്‍ തകര്‍ന്നത്. 12 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലം കണ്ടെത്താനായില്ല. പ്രദേശത്ത് കനത്തമഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രസിഡന്റിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഇറാന്‍.
ഇറാന്‍–അസര്‍ബൈജാന്‍ അതിര്‍ത്തിയില്‍ അണക്കെട്ട് ഉദ്ഘാടനത്തിന് ശേഷം മടങ്ങവെയാണ് അപകടം. വനമേഖലയില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടിവന്നു എന്നാണ് നിഗമനം. ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ ദൂരത്താണ് ഈ മേഖല. ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്‍റെ പ്രതിനിധി അയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.
മൂന്ന് ഹെലികോപ്റ്ററുകളാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. മറ്റുരണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യയും തുര്‍ക്കിയും സഹായങ്ങള്‍ നല്‍കി. രാജ്യത്തിന്റെ പലയിടങ്ങളിലും പ്രസിഡന്റിനായി പ്രാര്‍ഥനകള്‍ ആരംഭിച്ചു.