ഇന്ന് അറഫാ സംഗമം. പ്രാർഥനാ മന്ത്രവുമായി ഹജ് തീർത്ഥാടകർ മിനായിൽ നിന്ന് അറഫയിലേക്ക് ഒഴുകുകയാണ്. ഇന്നത്തെ പകൽ മുഴുവൻ അറഫയിൽ കഴിയുന്ന തീർത്ഥാടകർ രാത്രി മുസ്ദലിഫയിലേക്ക് നീങ്ങും. നാളെയാണ് ബലിപെരുന്നാൾ
പ്രാർഥനാ മുഖരിതമായി നമീറ മീറ പള്ളിയും അറഫാ നഗരിയും. 180 രാജ്യങ്ങളിൽ നിന്നായി 22 ലക്ഷം തീർഥാടകരാണ് ഹജ്ജിന്റെ പുണ്യം തേടി ഇത്തവണ എത്തിയത്. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന്റെ ഭാഗമാകാൻ തീർത്ഥാടക ലക്ഷങ്ങൾ ഇന്നലെ രാത്രിയോടെ തന്നെ മിനായിൽ നിന്ന് യാത്ര ആരംഭിച്ചിരുന്നു. മിനായില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് ബസുകളിലും മെട്രോയിലുമായാണ് തീര്‍ഥാടകര്‍ എത്തിയത്.
പ്രവാചകന്‍ വിടവാങ്ങല്‍ പ്രഭാഷണം നിര്‍വഹിച്ച അറഫാ പര്‍വത നിരയില്‍ വിശ്വാസികള്‍ പകല്‍ മുഴുവന്‍ പ്രാര്‍ഥനയില്‍ കഴിയും. അവിടെയുളള നമിറ മസ്ജിദിലെ പ്രാര്‍ഥനയില്‍ മക്ക ഗ്രാന്‍ഡ് മസ്ജിദിദ് ഇമാം ഷെയ്ഖ് മഹര്‍ ബിന്‍ ഹമദ് അല്‍ മുഐകിലി നേതൃത്വം നല്‍കും. അതിനിടെ, വിവിധ ആശുപത്രികളില്‍ കഴിയുന്ന തീര്‍ഥാടകരെ അറഫയിലെ ജബലുറഹ്മ ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ കഴിയുന്നവരെ എയര്‍ ആംബുലന്‍സുകളിലാണ് ആശുപത്രിയിലെത്തിച്ചത്.
ഇന്ന് സൂര്യൻ അസ്തമിക്കുന്നതോടെ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുന്ന തീർത്ഥാടകർ രാത്രി മുസ്ദലിഫയിലെ തുറന്ന മൈതാനത്തു കഴിയും. മിനായിലെ ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ചു നാളെ രാവിലെ ഹാജിമാർ മിനായിൽ തിരിച്ചെത്തും. ബലിപെരുന്നാൾ ദിവസമായ നാളെയാണ് മിനായിലെ ജംറകളിൽ കല്ലേറ് കർമം ആരംഭിക്കുന്നത്.