oman-shoot

TOPICS COVERED

ഒമാനിലെ മസ്കത്തിലുണ്ടായ വെടിവെപ്പിൽ ഒരു ഇന്ത്യക്കാരൻ  ഉൾപ്പെടെ ഒൻപതുപേർ മരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് വാദി അൽ കബീറിലെ ഷിയാ പള്ളിക്ക് സമീപം വെടിവെപ്പുണ്ടായത്. ഇന്ത്യക്കാരനുൾപ്പെടെ ഒട്ടേറെപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ഒമാൻ പൊലീസ് അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വാദി അൽ കബീറിലെ ഷിയാ പള്ളിയിൽ മുഹറം പ്രമാണിച്ചുള്ള ആചാരങ്ങൾ നടക്കുന്നതിനിടെയാണ് അക്രമം. സംഭവം നടക്കുമ്പോൾ നൂറുകണക്കിനാളുകളാണ് പള്ളിക്കകത്തും സമീപത്തും ഉണ്ടായിരുന്നത്. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പൊലീസുകാരനുമാണ്.  മൂന്ന് അക്രമികളെ വധിച്ചതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒരു ഇന്ത്യക്കാരനും നാല് പൊലീസ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും അടക്കം വിവിധ രാജ്യക്കാരായ 28പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം വെടിവെപ്പിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് അറിയിച്ച റോയൽ ഒമാൻ പൊലീസ് കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ട്വിറ്ററിൽ അനുശോചനം അറിയിച്ചു.  മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് വിദേശകാര്യമന്ത്രി ബദർ അൽബുസൈദിയും ട്വിറ്ററിൽ കുറിച്ചു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതിനിടെ വെടിവെപ്പ് സംബന്ധിച്ച് തെറ്റായ വാർത്തകളോ കിംവദന്തികളോ അയയ്ക്കുകയോ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് മൂന്ന് വർഷം തടവും മൂവായിരം റിയാൽ പിഴയും ശിക്ഷ ലഭിക്കും.  വാർത്തകൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കണമെന്നും പൊലീസ് നിർദേശിച്ചു. 

ENGLISH SUMMARY:

9 killed, including 3 suspects, in rare shooting near mosque in Oman's capital